വിവാഹസമയത്ത് ഒരു കോടിയും കാറും നല്‍കി; സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നോയിഡയിൽ യുവതി ജീവനൊടുക്കി

ദീപിക image credit: india today
ലക്നൗ : സ്ത്രീധന പീഡനത്തെ തുടർന്ന് നോയിഡയിൽ യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. ദീപിക എന്ന 24 കാരിയാണ് ഭർതൃ വീട്ടുകാരുടെ നിരന്തര പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തത്.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ, ജൽപ്പുര ഗ്രാമത്തിലാണ് സംഭവം. വീടിന്റെ മൂന്നാം നിലയിൽ നിന്നാണ് ചാടിയത്. സംഭവത്തിൽ ഭർത്താവ് ഹൃത്വികിനെയും ഭർതൃപിതാവ് മനോജിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 17 മാസം മുൻപാണ് ദീപികയുടെയും ഹൃത്വിക്കിന്റെയും വിവാഹം നടന്നത്. വിവാഹസമയത്ത് ഫോർച്യൂണർ എസ് യുവിയും ഒരു കോടി രൂപയും സ്ത്രീധനമായി നൽകിയിരുന്നു.
എന്നാൽ വിവാഹത്തിന് ശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ദീപികയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും ഹൃത്വിക്കിന്റെ വീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ദീപികയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച രാത്രി ദീപിക കരഞ്ഞുകൊണ്ട് വീട്ടുകാരെ വിളിച്ച് ഭർത്താവും ഭർതൃവീട്ടുകാരും തന്നെ മർദിക്കുന്നതായും അധിക്ഷേപിക്കുന്നതായും അറിയിച്ചിരുന്നു. പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.











0 comments