മണിപ്പൂരിൽ സംഘര്‍ഷം രൂക്ഷമാവുന്നു; മരണം ഒൻപതായി

ഇംഫാൽ: മണിപ്പൂരിൽ ഫലപ്രദമായ ഇടപെടലുകൾ സാധ്യമാവാതെ സര്‍ക്കാര്‍. നേരത്തെ മെയ്തെയ് കുക്കി വിഭാഗങ്ങൾക്ക് ഇടയിൽ നിലനിന്നിരുന്ന സംഘര്‍ഷം നാഗവാഭാഗങ്ങളിലേക്കും പടര്‍ന്ന സാഹചര്യമാണ്. നാഗ കുക്കി വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലയിലാണ് ഇത്തവണ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെടുകയും ക്രമേണ നിസംഗത പാലിക്കയും ചെയ്തതോടെയാണ് കൂടുതൽ ഗോത്രവിഭാഗങ്ങൾ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുന്നത്. കാംജോങ്, ഉഖ്രുൽ, കാങ്പോക്പി ജില്ലകളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് കൊലപാതക സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് സമാധാനത്തിന് ആഹ്വാനം ചെയ്തു.
നാഗഭൂരിപക്ഷ ജില്ലയായ കാംജോങിൽ ആണ് സംഘര്‍ഷം തുടങ്ങിയത്. ജില്ലയ്ക്ക് അകത്തെ കുക്കി സ്വാധീന മേഖലയിലെ ചസ്സാദ് ഗ്രാമത്തിൽ വെള്ളിയാഴ്ച അജ്ഞാതരുടെ വെടിയേറ്റ് യുവതി കൊല്ലപ്പെട്ടു. ഇതോടെ കുക്കി നാഗാ സായുധ വിഭാഗങ്ങൾ നേര്‍ക്കു നേര്‍ ഏറ്റുമുട്ടി. ശനിയാഴ്ച രാവിലെ വരെ വെടിവെപ്പ് തുടര്‍ന്നു. ഇതിനിടെ 42 കാരനായ ഒരാൾ കൊല്ലപ്പെട്ടു. 10 വീടുകൾ തീയിട്ട് നശിപ്പിച്ചു.
ഇതോടെ സംഘര്‍ഷം അടുത്ത ജില്ലകളിലേക്കും ഗ്രാമങ്ങളിലേക്കും പടര്‍ന്നു. കാങ്പോക്പി ജില്ലയിലെ താപോൻ, മക ഗ്രാമങ്ങളിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ ആക്രമണത്തിൽ രണ്ട് ഗ്രാമ കാവൽക്കാരും പ്രദേശവാസിയും കൊല്ലപ്പെട്ടു. 52 കാരനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവവും ഉണ്ടായി.
ഇതിനിടെ നാഗ തങ്കൂൽ വിഭാഗം താമസിക്കുന്ന മ്യാൻമര്‍ അതിര്‍ത്തിക്ക് ചേര്‍ന്ന ങ്ചൗവിലേക്ക് തോക്കുധാരികളായ അക്രമികൾ എത്തി വെടിയുതിര്‍ത്തു. ഇതിൽ രണ്ടു പേര്‍ മരിച്ചു. ഉഖ്രുൽ ജില്ലയിൽ ചെപു യാവോലെൻ ഗ്രാമത്തിന് സമീപം കാറിന് നേരെ തീവ്രവാദികൾ നടത്തിയ വെടിവെയ്പ്പിൽ 40 കാരൻ കൊല്ലപ്പെട്ട സംഭവവും ഉണ്ടായി.
മണിപ്പൂര്‍ കലാപത്തിൽ ഇതുവരെ 300-ലധികം പേർ കൊല്ലപ്പെടുകയും 49 പേരെ കാണാതാവുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. 35 ലക്ഷത്തിൽ കുറവ് ജനസംഖ്യയുള്ള സംസ്ഥാനമാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്നതോടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയം പ്രയോഗിച്ച് വിവിധ വിഭാഗങ്ങളെ തമ്മിൽ അകറ്റി. സംസ്ഥാനത്തും ഇത്തരത്തിൽ അധികാരം പിടിച്ചതോടെ ജനവിഭാഗങ്ങൾ പരസ്പര ശത്രുതയിലേക്ക് നയിക്കപ്പെട്ടു.









0 comments