ടിവികെയ്ക്ക് കന്നിയങ്കം: വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും; വിരുഗമ്പാക്കവും വേലച്ചേരിയും പട്ടികയിൽ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം നേതാവ് വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങുന്നതായി സൂചന. 'വി' എന്ന അക്ഷരത്തിൽ തുടങ്ങുന്ന മണ്ഡലങ്ങൾ തിരഞ്ഞെടുത്താൽ വിജയം ഉറപ്പിക്കാമെന്ന വിശ്വാസത്തിലാണ് താരം നാല് മണ്ഡലങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.
വിരുഗമ്പാക്കം, വേലച്ചേരി, വിക്രവണ്ടി, വേദാരണ്യം എന്നിവയാണ് പ്രാഥമിക പട്ടികയിലുള്ള മണ്ഡലങ്ങൾ. ഇതിൽ ചെന്നൈ നഗരപരിധിയിൽ വരുന്ന വിരുഗമ്പാക്കത്തും വേലച്ചേരിയിലുമായിരിക്കും വിജയ് ജനവിധി തേടാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
നഗരമേഖലകളിൽ പാർട്ടിയുടെ സാന്നിധ്യം ശക്തമാക്കാനും വോട്ടർമാരുമായി കൂടുതൽ അടുക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് ടിവികെയുടെ വിലയിരുത്തൽ. തന്റെ പേരിന്റെ ആദ്യ അക്ഷരമായ 'വി' മണ്ഡലങ്ങളുടെ കാര്യത്തിലും അനുകൂല ഘടകമാകുമെന്ന് വിജയ് കരുതുന്നു.
2011-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം 115 സീറ്റുകൾ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപ്പെടുത്താൻ കഴിയുന്ന ഏക ശക്തി തങ്ങളാണെന്നും മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് നേരത്തെ പറഞ്ഞിരുന്നു.
പാർട്ടി പ്രവർത്തകരുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും മണ്ഡലങ്ങളുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകുക. കരൂർ ദുരന്തവും അന്വേഷണനടപടികളും തെരഞ്ഞെടുപ്പിൽ ചർച്ചയാകും എന്ന വിലയിരുത്തലും തമിഴ്നാട് രാഷ്ട്രീയത്തിൽ ശക്തമാണ്.










0 comments