തിരുച്ചിറപ്പള്ളിയിൽ നിന്ന് രാജിവച്ച് വിജയ്; പെരമ്പൂരിൽ തുടരും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്നും രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ പെരമ്പൂർ നിലനിർത്താനാണ് വിജയ്‌യുടെ തീരുമാനം.
തമിഴ്‌നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമാണ് ഒരു മണ്ഡലം ഒഴിവാക്കിയത്. തിരുച്ചിറപ്പള്ളി മണ്ഡലത്തിൽ ആരെ മത്സരിപ്പിക്കും എന്ന കാര്യത്തിൽ ടിവികെ അറിയിപ്പ് നൽകിയിട്ടില്ല. ഞായറാഴ്ച ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞ. തുടർന്ന് സെന്റ് ജോർജ് കോട്ടയിലെ സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം ഔദ്യോഗികമായി അധികാരമേറ്റു.
മതനിരപേക്ഷതയിലും സാമൂഹിക നീതിയിലുമാകും തന്റെ സർക്കാരിന്റെ ഊന്നലെന്ന് അധികാരമേറ്റ ശേഷം നടത്തിയ പ്രസംഗത്തിൽ വിജയ് വ്യക്തമാക്കി. താനൊരു രാജകുടുംബത്തിൽ നിന്ന് വരുന്നവനല്ലെന്നും ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറുടെ മകനായാണ് ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ജീവിതം തനിക്ക് നന്നായി അറിയാം. സിനിമയിലെ തിളക്കമുള്ള കരിയർ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ജനങ്ങളോടുള്ള കടപ്പാട് വീട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.










0 comments