വിജയ്‍യുടെ ടിവികെ റാലിക്കിടെ അഞ്ചുപേർക്ക് പരിക്ക്

ചെന്നൈ : നടനും തമിഴക വെട്രി കഴകം പാർടി നേതാവുമായ വിജയ് നയിച്ച റാലിക്കിടെ അഞ്ചുപേർക്ക് പരിക്ക്. തഞ്ചാവൂരിൽ നടന്ന റാലിക്കിടെയാണ് അപകടമുണ്ടായത്. വിജയ്‌യുടെ വാഹനവ്യൂഹത്തിന് പിന്നിൽ സഞ്ചരിച്ചവർക്കാണ് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് പരിക്കേറ്റത്.
തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് സെംഗിപട്ടി ഗ്രാമത്തിലെ അയ്യാസാമിപട്ടിയിലെ ടിവികെ മീറ്റിങ്ങ് വേദിയിലേക്ക് വരികയായിരുന്നു വിജയ്. വിജയ്‍യുടെ വാഹനത്തെ പിന്തുടർന്ന് നിരവധി ആരാധകർ എത്തി. വിജയ്‌യുടെ വാഹനം വേദിയിലേക്ക് അടുക്കുന്നതിനിടെ മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്ന് വിദ്യാർഥികൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് രണ്ടുപേർക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റവരെയെല്ലാം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം കരൂരിൽ വിജയ്‍യുടെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു.










0 comments