Deshabhimani

'പന്തൽ തകരും, മാറിനിൽക്കൂ'... പരിഭ്രാന്തി പരത്തി മൈക്ക് അനൗൺസ്‌മെന്റ്, 19 പേരുടെ ജീവനെടുത്ത് അപകടം; ദൃശ്യങ്ങൾ

kolkata
വെബ് ഡെസ്ക്

Published on Oct 18, 2026, 03:57 PM | 1 min read

കൊൽക്കത്ത: കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ച ദുരന്തത്തിന് കാരണം മൈക്ക് അനൗൺസ്‌മെന്റാണ് എന്ന കണ്ടെത്തൽ ശരിവെക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പന്തൽ തകരുമെന്ന് മുന്നറിയിപ്പ് നൽകിയ മൈക്ക് അനൗൺസ്‌മെന്റാകാം പരിഭ്രാന്തി പരത്താനും വലിയ ദുരന്തത്തിന് കാരണമാകാനും ഇടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.


പന്തൽ തകരുമെന്ന മുന്നറിയിപ്പിന്റെ അനൗൺസ്‌മെന്റിന്റെ ദൃശ്യങ്ങൾ കൊൽക്കത്ത പൊലീസ് പരിശോധിച്ചുവരികയാണ്. ഈ അനൗൺസ്‌മെന്റ് നടത്തിയത് ആരാണെന്നും അതിന് പ്രേരിപ്പിച്ച സാഹചര്യമെന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പൂജ കമ്മിറ്റിയുടെ മൈക്കിലൂടെ നടത്തിയ അനൗൺസ്‌മെന്റാകാം ദുരന്തത്തിലേക്ക് നയിച്ചത്. പന്തൽ തകരുമെന്നും ആളുകൾ മാറിനിൽക്കണമെന്നും മൈക്ക് അനൗൺസ്മെൻ്റിലൂടെ പറയുന്നത് കേട്ട് ആളുകൾ പരിഭ്രാന്തരാകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.





മോശമായ ജനക്കൂട്ട നിയന്ത്രണം, ആശയക്കുഴപ്പമുണ്ടാക്കുന്ന അനൗൺസ്‌മെന്റ്, പെട്ടെന്നുണ്ടായ മഴയിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ കൂട്ടത്തോടെയെത്തിയത് എന്നിവയാണ് ദുരന്തത്തിന് കാരണമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി."പൂജ സംഘാടകരുടെ ഗുരുതരമായ വീഴ്ചയാണ് ഇതിലൂടെ വ്യക്തമാകുന്നത്. വൻതോതിൽ എത്തുന്ന ജനങ്ങളെ നിയന്ത്രിക്കാൻ വ്യക്തമായ പദ്ധതിയൊന്നും ഉണ്ടായിരുന്നില്ല," ഉദ്യോഗസ്ഥൻ പറഞ്ഞു.


പോലീസിന്റെ വിവരപ്രകാരം, പന്തലിലേക്കുള്ള പ്രവേശന കവാടവും നടപ്പാതയും വളരെ ഇടുങ്ങിയതായിരുന്നു. പരിഭ്രാന്തി പരന്നപ്പോൾ ആളുകൾ പ്രവേശന കവാടത്തിലൂടെ തന്നെ തിടുക്കത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചത് തിരക്ക് വർധിപ്പിച്ചു. പ്രവേശനം, പുറത്തുകടക്കൽ എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശങ്ങൾ ഇല്ലാതിരുന്നതും ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കി. ഒക്റ്റോബർ 20 വരെ പന്തലിന് സമീപത്തെ റോഡുകളിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ അജയ് കുമാർ നന്ദ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.


ഇന്നലെ വൈകിട്ട് 7.40ഓടെ വടക്കൻ കൊൽക്കത്തയിലെ ശാരദ പാർക്കിന് സമീപമുള്ള ചോർ ഭാഗനിലാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ പൂജ നടക്കുന്ന ഇടുങ്ങിയ സ്ഥലത്തേക്ക് ആളുകൾ തിക്കിത്തിരക്കി കയറിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രദേശത്ത് വെളിച്ചക്കുറവുണ്ടായിരുന്നതായും ദൃക്സാക്ഷികൾ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home