Deshabhimani

print edition വിബി ജിആർഎഎംജി പദ്ധതി; 9.57 കോടി തൊഴിൽദിനം 
കുറഞ്ഞു

VBGRAMG.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 18, 2026, 12:23 AM | 1 min read

ന്യൂഡൽഹി: ​മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ മോദി സർക്കാർ കൊണ്ടുവന്ന വികസിത്‌ ഭാരത്‌ –ഗ്രാമീണ തൊഴിൽ, ഉപജീവനം ഗ്യാരന്റി മിഷൻ (വിബി–ജിആർഎഎംജി ) പദ്ധതി ആദ്യ രണ്ടുമാസം പിന്നിടുന്പോൾ തൊഴിൽദിനങ്ങളിൽ ഗണ്യമായ ഇടിവുണ്ടായതായി കണക്കുകൾ.


2025 ജ‍ൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിൽ 29.78 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിച്ചെങ്കിൽ ഇ‍ൗ വർഷം ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ 20.21 കോടി തൊഴിൽദിനങ്ങൾ മാത്രമാണ്‌ സൃഷ്ടിക്കാനായത്‌. അതായത്‌, 9.57 കോടിയുടെ (32.13 ശതമാനം) കുറവ്‌.


തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ ഗ്രാമീണ ഇന്ത്യയെ കേന്ദ്രസർക്കാർ പട്ടിണിയിലേക്ക്‌ തള്ളിയിടുകയാണെന്ന കർഷക, കർഷത്തൊഴിലാളി സംഘടനകളുടെ വിമർശനങ്ങൾക്ക്‌ അടിവരയിടുന്നതാണ്‌ പുറത്തുവന്ന കണക്കുകൾ. ഇ‍ൗ വർഷം ജൂലൈ ഒന്ന്‌ മുതലാണ്‌ വിബി–ജിആർഎഎംജി നിലവിൽ വന്നത്‌.


തൊഴിലുറപ്പ്‌ പദ്ധതി പ്രകാരമുള്ള 100 തൊഴിൽദിനങ്ങൾ പുതിയപദ്ധതിയില‍ൂടെ 125 തൊഴിൽദിനങ്ങളായി വർധിപ്പിച്ചതായി കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ജ‍ൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ കണക്കുകൾ ഇ‍ൗ അവകാശവാദം പൊള്ളയാണെന്ന്‌ വ്യക്തമാക്കുന്നു.


2025 ജൂലൈയിൽ തൊഴിലുറപ്പ്‌ പദ്ധതിയിൽ 17.65 കോടി തൊഴിൽദിനങ്ങൾ ലഭ്യമായെങ്കിൽ 2026 ജ‍ൂലൈയിൽ വിബി–ജിആർഎഎംജി പദ്ധതി പ്രകാരം 9.18 കോടി തൊഴിൽ ദിനം (48.01 ശതമാനം കുറവ്‌ ) മാത്രമാണ്‌ ലഭിച്ചത്. 2025 ആഗസ്‌തിൽ 12.12 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിച്ചപ്പോൾ 2026 ആഗസ്‌തിൽ അത്‌ 11.03 കോടിയായി (9.01 ശതമാനം ഇടിവ്‌) കുറഞ്ഞു.


കാർഷിക പ്രവർത്തനങ്ങൾ സജീവമാകുന്ന കാലയളവിൽ 60 ദിവസത്തെ ഇടവേള ഏർപ്പെടുത്തണമെന്ന വ്യവസ്ഥ നടപ്പാക്കിയതുകൊണ്ടാണ്‌ തൊഴിൽദിനങ്ങളിൽ കുറവുണ്ടാകാൻ കാരണമെന്നും മന്ത്രാലയം പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home