വിബിജിആർഎഎംജി പിൻവലിക്കുക
print edition തൊഴിലുറപ്പ് തൊഴിലാളികൾ പണിമുടക്കി

വിബിജിആർഎഎംജി പദ്ധതിക്കെതിരായ രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി ന്യൂഡൽഹിയിൽ ബിടിആര്‍ ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം, ട്രഷറര്‍ സായ്ബാബു, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട് തുടങ്ങിയവർ
ന്യൂഡൽഹി : തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കി കൊണ്ടുവന്ന വിബിജിആർഎഎംജി പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. കർഷകത്തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ജനരോഷമിരന്പി. പദ്ധതി പ്രകാരം ജോലി നടക്കുന്നയിടങ്ങളിൽ തൊഴിലാളികൾ പണുമുടക്കിയും അല്ലാത്തിയടങ്ങളിൽ പ്രതിഷേധിച്ചും കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി. ലക്ഷക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികളാണ് വിബിജിആർഎഎംജി പദ്ധതി പിൻവലിക്കുക, 200 ദിവസം തൊഴിൽ ഉറപ്പാക്കുക, പ്രതിദിനം 700 രൂപ കൂലി നൽകുക എന്നീ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ചത്. എൻആർഇജിഎ സംഘർഷ് മോർച്ചയും കർഷകത്തൊഴിലാളി യൂണിയനുകളോടൊപ്പം പണിമുടക്കിൽ പങ്കാളിയായി.
രാജ്യത്തെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ തൊഴിലാളികൾ പണിമുടക്കി. പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലാണ് പണിമുടക്ക് ഏറ്റവും വിജയമായത്. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, യുപി എന്നിവടങ്ങളിലും പ്രതിഷേധമിരന്പി. ത്രിപുര, മധ്യപ്രദേശ്, ജാർഖണ്ഡ്, അസം, ഒഡീഷ, കർണാടക എന്നിവടങ്ങളിലും പണിമുടക്ക് വിജയമായി. കർഷകരും തൊഴിലാളികളും കർഷകത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി സമരമുഖത്തെത്തി. തൊഴിലാളികൾ പഞ്ചായത്തുൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ വലിയ പ്രതിഷേധം തീർത്തു. വിബിജിആർഎഎംജി പദ്ധതി പിൻവലിക്കണമെന്നും എംജിഎൻആർഇജിഎ പദ്ധതിയെ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനം കൈമാറി.
പണിമുടക്കിയും അല്ലാതെയും സമരത്തിൽ പങ്കെടുത്ത മുഴുവൻ തൊഴിലാളികളെയും അഭിവാദ്യം ചെയ്യുന്നതായി അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പറഞ്ഞു. തൊഴിലാളികളുടെ ഉപജീവനമാർഗം തകർക്കാനുള്ള ബിജെപി ശ്രമത്തെ തൊഴിലാളികളുടെ ഐക്യം പരാജയപ്പെടുത്തും. വരും ദിവസങ്ങളിൽ കൂടുതൽ കരുത്തോടെ ഈ സംയുക്ത സമരം തുടരുമെന്നും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ, ജനറൽ സെക്രട്ടറി ബി വെങ്കിട്ട് എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
ഉറപ്പുനൽകുന്നത് തൊഴിലില്ലായ്‌മ: ബി വെങ്കട്ട്
തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച് കൊണ്ടുവന്ന വിബിജിആർഎഎംജി പദ്ധതി ഉറപ്പുനൽകുന്നത് തൊഴിലില്ലായ്‌മയെന്ന് അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്. ദേശീയ പണിമുടക്കിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് സുദീപ് ദത്ത, ട്രഷറർ എം സായ്‌ബാബു, കിസാൻ സഭ നേതാവ് ഹനൻ മൊള്ള, കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിങ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.










0 comments