Deshabhimani

വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച; മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങി

VANDE BHARAT LEAK
വെബ് ഡെസ്ക്

Published on Jun 25, 2025, 02:44 PM | 1 min read

ന്യൂഡൽഹി: ഡൽഹിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. വരാണസി - ന്യൂ ഡൽഹി വന്ദേഭാരത് ട്രെയിനിലാണ് ചോർച്ചയുണ്ടായത്. ദർശിൽ മിശ്ര എന്ന യാത്രക്കാരൻ ​ആണ് ദുരനുഭവം പങ്കുവെച്ചത്.


ട്രെയിനിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങുന്നതിന്റെ വീഡിയോയും ദർശിൽ മിശ്ര പങ്കിട്ടു.എസി പ്രവർത്തനരഹിതമായതോടെയാണ് കോച്ചിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായത്. കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോരുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.


റെയിൽവെ മന്ത്രാലയം, ഐആർസിടിസി റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ മിശ്ര ടാഗ് ചെയ്തു. ജീവനക്കാർ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് മിശ്ര തന്റെ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു.


'വന്ദേഭാരത് ട്രെയിനിൽ എ സി പ്രവർത്തിക്കുന്നില്ല. വെള്ളം ചോരുകയാണ്.പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും വളരെ അസ്വസ്ഥമായ യാത്രയാണ്. നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ദയവായി അത് പരിശോധിക്കണമെന്നും' വീഡിയോ പങ്കുവെച്ചുകൊണ്ട് മിശ്ര എക്സിൽ കുറിച്ചു.


വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ പ്രതികരണവുമായി റെയിൽവെ സേവ രംഗത്തെത്തി. റിട്ടേൺ എയർ ഫിൽട്ടർ എസി ഡ്രെയിനിലെ ദ്വാരങ്ങൾ അടഞ്ഞുപോയതിനാലാണ് വെള്ളം ചോർന്നതെന്ന് അവർ വിശദീകരിച്ചു. ചോർച്ചയ്ക്ക് കാരണം 'കണ്ടൻസേറ്റ് വെള്ളം' ആണെന്നാണ് റെയിൽവെ സേവ പ്രതികരിച്ചത്. അധികാരികൾ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവെയുടെ ഔദ്യോഗിക ഹാൻഡിൽ ആയ റെയിൽവെ സേവയിലൂടെ മറുപടി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home