മൊബൈൽ ഉപയോഗത്തിനെതിരായ ‘ബോധവത്കരണം’; കുട്ടികളെ ഭയപ്പെടുത്തിയ സ്കൂളിനെതിരെ അന്വേഷണം

അമിതമായ സ്മാർട്ട്ഫോൺ ഉപയോഗത്തിന്റെയും സ്ക്രീൻ ടൈമിന്റെയും ദോഷങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് സ്കൂൾ ഈ പ്രവർത്തനം സംഘടിപ്പിച്ചത്.
ഖതിമ: അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനിടെ കുട്ടികളെ ഭയപ്പെടുത്തിയ സംഭവത്തിൽ ഉത്തരാഖണ്ഡിലെ സ്കൂളിനെതിരെ അന്വേഷണം. ഉധം സിങ് നഗർ ജില്ലയിലെ ഖതിമയിലെ ആദർശ് ഇന്ത്യ മോണ്ടിസോറി സ്കൂളിലാണ് സംഭവം.
പരിപാടിയുടെ ഭാഗമായി ഒരു വിദ്യാർഥിയുടെ കണ്ണുകളിൽ ബാൻഡേജ് കെട്ടുകയും കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി തോന്നിപ്പിക്കാൻ ചുവന്ന ദ്രാവകം പുരട്ടുകയും ചെയ്തതായാണ് റിപ്പോർട്ട്. മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിനാൽ ഡോക്ടർമാർ തന്റെ രണ്ട് കണ്ണുകളും നീക്കം ചെയ്തുവെന്ന് കുട്ടി സഹപാഠികളോട് പറഞ്ഞതോടെ നിരവധി കുട്ടികൾ ഭയന്ന് കരയുകയും നിലവിളിക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടികളിൽ അമിതമായ സ്ക്രീൻ ടൈമിന്റെ ദോഷങ്ങളെക്കുറിച്ച് ബോധവത്കരിക്കാനാണ് പരിപാടി നടത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
എന്നാൽ കുട്ടികളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ച രീതിക്കെതിരെ വിമർശനം ഉയർന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹരേന്ദ്ര കുമാർ മിശ്ര ബേസിക് എജുക്കേഷൻ ഓഫീസർക്ക് നിർദേശം നൽകി.
കുട്ടികളിൽ ഭയം സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് സ്കൂൾ മാനേജ്‌മെന്റിന് നിർദേശം നൽകിയതായി ഖതിമ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.









0 comments