ഉത്തരാഖണ്ഡ് ഗവർണർ സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ: അടിയന്തര ലാൻഡിങ് നടത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗവർണർ ഗുർമിത് സിങ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി ലാൻഡിംഗ് നടത്തി. സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. ഉത്തരാഖണ്ഡ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററിനാണ് സാങ്കേതിക തകരാർ നേരിട്ടത്.
പറക്കലിനിടെ തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻ തന്നെ ഹെലികോപ്റ്റർ ശ്രീനഗറിലെ ജിവികെ ഹെലിപാഡിലേക്ക് തിരിച്ചുവിട്ടു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവായതായി അധികൃതർ അറിയിച്ചു. ഗുർമിത് സിങ് സുരക്ഷിതനാണെന്നും അദ്ദേഹത്തെ ശ്രീനഗറിലെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയെന്നുമാണ് വിവരം. സാങ്കേതിക വിദഗ്ധർ ഹെലികോപ്റ്റർ വിശദമായി പരിശോധിച്ചു വരികയാണ്.
തെഹ്രി തടാക ഉത്സവത്തിൽ പങ്കെടുത്ത ശേഷം ഗവർണർ മടങ്ങുമ്പോഴാണ് സംഭവം. സാങ്കേതിക പരിശോധനകൾ പൂർത്തിയായതിന് ശേഷം മാത്രമേ ഗവർണറുടെ തുടർയാത്രയെക്കുറിച്ച് തീരുമാനമെടുക്കുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.











0 comments