യുപിയിൽ അതിശൈത്യം തുടരുന്നു; സ്കൂളുകൾക്ക് ജനുവരി 5 വരെ അവധി നീട്ടി

ലഖ്‌നൗ: ഉത്തർപ്രദേശിൽ കനത്ത തണുപ്പും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾക്ക് ജനുവരി 5 വരെ അവധി പ്രഖ്യാപിച്ചു. കടുത്ത ശൈത്യതരംഗം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് അവധി നീട്ടിയത്.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. നേരത്തെ ജനുവരി ഒന്നു വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ താപനില ക്രമാതീതമായി താഴുകയും കാഴ്ചാപരിധി കുറയുകയും ചെയ്തതോടെ അവധി നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
സിബിഎസ്ഇ, ഐസിഎസ്ഇ, യുപി ബോർഡ് തുടങ്ങി എല്ലാ സിലബസുകളിലുമുള്ള സർക്കാർ-സ്വകാര്യ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതിശൈത്യം കണക്കിലെടുത്ത് രാത്രികാല ഷെൽട്ടറുകളുടെ പ്രവർത്തനം ഊർജിതമാക്കാനും പൊതുസ്ഥലങ്ങളിൽ തീയിടാനുള്ള സൗകര്യമൊരുക്കാനും ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പാവപ്പെട്ടവർക്ക് പുതപ്പുകൾ വിതരണം ചെയ്യുന്ന നടപടികൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, തെരുവിൽ ജീവിക്കുന്ന ഭാവനരഹിതരായവരുടെ കാര്യത്തിൽ ഭരണകൂടം യാതൊന്നും ചെയ്യുന്നില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.
വരും ദിവസങ്ങളിലും വടക്കേ ഇന്ത്യയിൽ കടുത്ത തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.











0 comments