print edition യുഎസ് തീരുവ ഭീഷണി; കയറ്റുമതി മേഖലയിൽ ആശങ്ക


സ്വന്തം ലേഖകൻ
Published on Sep 19, 2026, 01:00 AM | 1 min read
ന്യൂഡൽഹി : റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് തുടർന്നാൽ 100 ശതമാനം വരെ തീരുവ ചുമത്തുന്ന ബില്ലിന് യുഎസ് ജനപ്രതിനിധി സഭയും അംഗീകാരം നൽകിയതോടെ ഇന്ത്യയുടെ കയറ്റുമതി മേഖല ആശങ്കയില്‍.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി തീരുവ ഉയർത്തിയ ഘട്ടത്തിൽതന്നെ ഇന്ത്യൻ കയറ്റുമതി മേഖല കടുത്ത പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. യുഎസ് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് തീരുവ 10 ശതമാനമായി കുറച്ചതോടെയാണ് ആശ്വാസമായത്. അമേരിക്ക തീരുവ ഉയർത്തിയാൽ ടെക്‌സ്റ്റൈൽസ്, തുകൽ, രാസവസ്‌തുക്കൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, എന്‍ജിനീയറിങ്– ഇലക്‌ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ എന്നീ മേഖലകളെയാകും ഏറ്റവുമധികം ബാധിക്കുക. ഇതിൽ പലതും തൊഴിൽ മേഖലകളായതിനാൽ കയറ്റുമതിയിൽ സംഭവിക്കുന്ന ഇടിവ് സമ്പദ്‌വ്യവസ്ഥയെ ആകെ ബാധിക്കുംവിധം ഗുരുതരമാകും.
ഉൗർജസുരക്ഷയുടെ കാര്യത്തിൽ രാജ്യതാൽപ്പര്യം ഉയർത്തിപ്പിടിക്കുമെന്നാണ് യുഎസിന്റെ തീരുവ ഭീഷണിയോടുള്ള ഇന്ത്യയുടെ പ്രതികരണം. നയതന്ത്ര ബന്ധങ്ങൾ വഷളായേക്കാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ കയറ്റുമതി മേഖല പ്രതിസന്ധിയിലേക്ക് തള്ളപ്പെട്ടാൽ യുഎസ് സമ്മർദത്തെ എത്രനാൾ അതിജീവിക്കാനാകുമെന്ന ചോദ്യമാണ് ഉയരുന്നത്. കയറ്റുമതി മേഖലയിൽ യുഎസ് വിപണിയെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നെങ്കിൽ ഒരു പരിധി വരെ ആശങ്ക ഒഴിവാക്കാനാകുമായിരുന്നു.









0 comments