യുപിഐ ഇടപാട്
print edition കമീഷന് കൊള്ള

ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ വാണിജ്യ ഇടപാടുകൾക്ക് കമീഷന് ഇൗടാക്കാനുള്ള തീരുമാനം വെറും നാല് ശതമാനം ഇടപാടുകളെ മാത്രമാണ് ബാധിക്കുകയെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും ആകെ മൂല്യം പരിശോധിക്കുമ്പോൾ ഭീമമായ തുക വരും. 2024–25 വർഷത്തിൽ യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ട പണം 314 ലക്ഷം കോടിയാണ്. ഇതിൽ രണ്ടായിരം രൂപയ്ക്ക് മുകളിൽ വരുന്ന വാണിജ്യ ഇടപാടുകൾ 207 ലക്ഷം കോടി രൂപ വരും. ആകെ മൂല്യത്തിന്റെ 67 ശതമാനം.
രണ്ടായിരം രൂപയ്ക്ക് മുകളിൽ വരുന്ന സാധാരണ യുപിഐ വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്ക് ഇൗടാക്കാനാണ് സർക്കാർ തീരുമാനം. രണ്ടായിരം രൂപയുടെ ഓരോ ഇടപാടിനും എട്ട് രൂപ ഇൗടാക്കും. പതിനായിരം രൂപയുടെ ഇടപാടിന് നാൽപ്പത് രൂപ നൽകേണ്ടി വരും. പരമാവധി നിരക്ക് മുന്നൂറ് രൂപയായി നിജപ്പെടുത്തി.
വൈദ്യുതി ബില്‍, വാട്ടർ ബില്‍, റെയിൽവേ ടിക്കറ്റ്, ഇൻഷുറൻസ്, സ്കൂൾ–കോളേജ് ഫീസുകൾ, ഇന്ധനം, മറ്റ് സർക്കാർ സേവനങ്ങൾ തുടങ്ങിയ അവശ്യമേഖലകളിൽ രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് നിരക്ക് അഞ്ച് രൂപയായി നിജപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങളിൽ നിന്നാകും നിരക്ക് ഇൗടാക്കുകയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് എത്രമാത്രം പാലിക്കാനാകും എന്ന ചോദ്യമുണ്ട്. സാധനസാമഗ്രികളുടെ വില കൂട്ടിയും മറ്റും നിരക്ക് ഉപയോക്താക്കളിൽ നിന്ന് ഇൗടാക്കാൻ വ്യാപാരസ്ഥാപനങ്ങൾ ശ്രമിക്കുമെന്ന് തീർച്ചയാണ്.
ഉയർന്ന തുകയ്ക്കുള്ള ഇടപാടുകൾ യുപിഐയിലൂടെ പറ്റില്ലെന്ന് സ്ഥാപനങ്ങൾ നിലപാടെടുക്കാനും സാധ്യതയുണ്ട്. ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളും മറ്റും കിഴിവിലും ഫീസിലുമൊക്കെ മാറ്റം വരുത്തി ഉപയോക്താക്കളിൽ നിന്ന് തന്നെ നിരക്ക് ഇൗടാക്കുന്ന തന്ത്രങ്ങൾ പരീക്ഷിക്കും.









0 comments