ഭാര്യയോട് പിണക്കം, ബാൽക്കണിയിലൂടെ ഇറങ്ങാൻ ശ്രമിച്ച യുവാവിന് 21-ാം നിലയിൽ നിന്ന് വീണ് ദാരുണാന്ത്യം

നോയിഡ: ബാൽക്കണിയിലൂടെ ഇറങ്ങാൻ ശ്രമിച്ചതിനെ തുടർന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ഭാര്യയുമായി സംസാരിക്കാൻ താത്പര്യമില്ലാത്തതിനെ തുടർന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഗ്രേറ്റർ നോയിഡയിലെ സെഞ്ചൂറിയൻ പാർക്ക് ട്രോപ്പിക്കൽ ഗാർഡൻ സൊസൈറ്റിയിലാണ് സംഭവം.
2024-ൽ വിവാഹിതനായ ഹർഷിത് ലവാനിയ എന്ന യുവാവ്, കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വാടക ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു ഹർഷിതിന്റെ താമസം. സംഭവദിവസം ഹർഷിതിന്റെ ഫ്ലാറ്റിലെത്തിയ ഭാര്യ വാതിലിൽ മുട്ടിയെങ്കിലും, വീണ്ടും വഴക്കുണ്ടാകുമെന്ന് കരുതി വാതിൽ തുറക്കാൻ തയ്യാറായില്ല.
ഭാര്യ പുറത്തുനിന്ന് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഹർഷിത് അനുസരിച്ചില്ല. തുടർന്ന് ഭാര്യ വാതിൽ തുറക്കാൻ സെക്യൂരിറ്റി ജീവനക്കാരുടെ സഹായം തേടി. ഈ സമയം 21-ാം നിലയിലെ അപ്പാർർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നും താഴത്തെ നിലയിലേക്ക് ചാടാൻ ശ്രമിക്കുന്നതിനിടയിൽ ഹർഷിത് കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സൊസൈറ്റിയിലെ അംഗങ്ങൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









0 comments