ഹോളി ആഘോഷം: യുപിയിൽ പള്ളികൾ ടാർപോളിൻ ഉപയോഗിച്ച് മറച്ചു

ലഖ്‌നൗ: ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലെ പള്ളികൾ ഷീറ്റുകൾ ഉപയോഗിച്ച് മറച്ചു. ഷാജഹാൻപൂർ, സംഭാൽ, ബിജ്‌നോർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഘോഷയാത്ര കടന്നുപോകുന്ന പാതകളിലെ പള്ളികൾ പൂർണ്ണമായും മൂടിക്കെട്ടിയത്. റമദാൻ മാസത്തിലെ പ്രാർത്ഥനകളും ചടങ്ങുകളും നടന്നുവരുന്നതിനിടയിലാണ് സുരക്ഷാ മുൻകരുതൽ എന്ന പേരിൽ പള്ളികൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഷാജഹാൻപൂരിൽ മാത്രം ഏകദേശം 92 പള്ളികളും ദർഗകളുമാണ് ഇത്തരത്തിൽ മറച്ചിരിക്കുന്നത്. ഇവിടെ നടക്കുന്ന 'ലാത് സാഹിബ്' ഘോഷയാത്രയുടെ പാതയിലുള്ള ആരാധനാലയങ്ങളാണ് അധികൃതർ മൂടിയത്. സംഭാലിൽ ചരിത്രപ്രസിദ്ധമായ ഷാഹി ജമാ മസ്ജിദ് ഉൾപ്പെടെ പത്തോളം പള്ളികൾ ടാർപോളിൻ ഉപയോഗിച്ച് പൂർണ്ണമായും മറച്ചിട്ടുണ്ട്. പള്ളികൾക്ക് പുറമെ വൈദ്യുതി ട്രാൻസ്‌ഫോർമറുകളും തൂണുകളും പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് മറച്ചിട്ടുണ്ട്.
ഘോഷയാത്രയ്ക്കിടെ നിറങ്ങൾ വീണ് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടെങ്കിലും, ഇസ്ലാം മതവിശ്വാസികൾ പുണ്യമാസമായി കാണുന്ന റമദാൻ സമയത്ത് പള്ളികൾ മൂടിക്കെട്ടുന്നതിൽ വിമർശനങ്ങളുണ്ട്. മുൻവർഷങ്ങളിൽ പള്ളികളിൽ നിറം വീണത് സംഘർഷത്തിന് കാരണമായ സാഹചര്യത്തിലാണ് ഈ നീക്കമെന്ന് സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ പറഞ്ഞു.
പള്ളികൾക്ക് പുറമെ പ്രധാന കേന്ദ്രങ്ങളിൽ കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. റമദാൻ മാസത്തിലെ പ്രത്യേക പ്രാർത്ഥനകൾക്കായി വിശ്വാസികൾ പള്ളികളിലെത്തുന്ന സമയമായതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് ഭരണകൂടത്തിന്റെ നിർദ്ദേശം.










0 comments