'പൊലീസ് പിടിച്ചാൽ ഭാര്യയുടെ പേര് പറയണം': കൊലപാതകത്തിൽ വഴിത്തിരിവ്, മകൻ അറസ്റ്റിൽ

കാൺപൂർ: ഉത്തര്‍പ്രദേശിലെ ഫാർമസ്യൂട്ടിക്കൽ വ്യാപാരി വിനീത് മനോഹയുടെ കൊലപാതകത്തിൽ വഴിത്തിരിവ്. കേസിൽ വിനീത് മനോഹയുടെ മകൻ സുബ്രത് മനോഹയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് കമ്മീഷണർ രഘുബീർ ലാൽ പറഞ്ഞു. 60 കാരനായ വിനീത് മനോഹർ സെപ്റ്റംബർ 5ന് കല്ല്യാൺപൂരിലെ രതൻ ഓർബിറ്റ് അപ്പാർട്ട്മെന്റിൽ വെച്ചാണ് കുത്തേറ്റ് മരിച്ചത്.
കൊലപാതകത്തിൽ കരാർ കൊലയാളികളായ വിശാൽ ഗൗതം, രാജ്കിഷോർ, സുബ്രത്തിന്റെ ഭാര്യ ഷാലു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മകൻ സുബ്രത് അറസ്റ്റിലായത്. പിതാവിനെ കൊലപ്പെടുത്താൻ സുബ്രത് 6 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി കൊലയാളി വിശാൽ പൊലീസിനോട് വെളിപ്പെടുത്തി.
പിടിയിലായാൽ തന്റെ ഭാര്യ ഷാലുവിന്റെ പേര് പറയണമെന്ന് സുബ്രത് ആവശ്യപ്പെട്ടിരുന്നതായും വിശാൽ മൊഴി നൽകി. ചോദ്യം ചെയ്യലിനിടെ ഷാലു പൊട്ടിക്കരയുകയും, സുബ്രതിനെ രക്ഷിക്കാൻ വേണ്ടി തന്നെ മനഃപൂർവം പ്രതിയാക്കിയതാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പ് വിശാൽ ഒരു പുതിയ സിം കാർഡ് വാങ്ങിയിരുന്നതായും, ആ നമ്പറിൽ നിന്ന് ആദ്യം വിളിച്ചത് സുബ്രതിനെയാണെന്നും പൊലീസ് കണ്ടെത്തി.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടുന്നതിനിടയിൽ പ്രതി വിശാൽ വലിച്ചെറിഞ്ഞ താക്കോലും, രാജ്കിഷോറിന്റെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ കോൾ രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
സുബ്രത്, ഷാലു, വിശാൽ, രാജ്കിഷോർ എന്നിവരെ വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്തുവരികയാണ്. ഇവർക്കെതിരെ നൂറിലധികം ചോദ്യാവലികൾ തയ്യാറാക്കിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ, ഫോൺ കോളുകൾ, അന്നേദിവസത്തെ നീക്കങ്ങൾ എന്നിവയെല്ലാം പരിശോധിച്ച ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് കൺപൂർ പൊലീസ് കമ്മീഷണർ രഘുബീർ ലാൽ വ്യക്തമാക്കി.








0 comments