രാജ്യത്ത് തൊഴിലില്ലായ്‌മ ഉയർന്നു

ന്യൂഡൽഹി
രാജ്യത്ത് 29 വയസ്സുവരെയുള്ളവരിലെ തൊഴിലില്ലായ്‌മ നിരക്ക് മെയ് മാസത്തിലെ 15 ശതമാനത്തിൽനിന്ന് ജൂണിൽ 15.3 ശതമാനമായി ഉയർന്നു. എല്ലാ പ്രായക്കാർക്കുമിടയിലെ തൊഴിലില്ലായ്‌മ നിരക്ക് 5.6 ശതമാനമെന്ന നിലയിൽ മെയ്–- ജൂൺ മാസങ്ങളിൽ മാറ്റമില്ലാതെ തുടരുന്നു. മെയ് മാസത്തിൽ 5.1 ശതമാനമായിരുന്ന തൊഴിലില്ലായ്‌മ നിരക്കാണ് തുടർന്നുള്ള മാസങ്ങളിൽ 5.6 ശതമാനമായി ഉയർന്നത്. 29 വയസ്സുവരെയുള്ളവരിൽ തൊഴിലില്ലായ്‌മ നിരക്ക് ഏപ്രിലിൽ 13.8 ശതമാനമായിരുന്നതാണ് ജൂണിൽ 15.3 ശതമാനത്തിൽ എത്തിയത്.
നഗരമേഖലകളിലെ തൊഴിലില്ലായ്‌മാനിരക്ക് മെയ് മാസത്തിലെ 6.9 ശതമാനത്തിൽനിന്നും ജൂണിൽ 7.1 ശതമാനമായി. 15–-29 പ്രായക്കാർക്കിടയിൽ നഗരങ്ങളിൽ തൊഴിലില്ലായ്‌മ 17.9 ശതമാനത്തിൽനിന്ന് 18.8 ശതമാനമായി. ഒരു ശതമാനത്തിനടുത്താണ് ഒറ്റ മാസത്തിലെ വർധനവ്. ഗ്രാമങ്ങളിലെ തൊഴിലില്ലായ്‌മ 5.1 ശതമാനത്തിൽനിന്ന് ജൂണിൽ 4.9 ശതമാനമായി.
ജൂണിൽ തൊഴിൽ പങ്കാളിത്തവും കുറഞ്ഞു. മെയ് മാസത്തിൽ 57.5 ശതമാനം ആയിരുന്നത് 57.4ൽ എത്തി. 15–-29 പ്രായക്കാർക്കിടയിലെ തൊഴിൽ പങ്കാളിത്തം 61.6ൽനിന്ന് 61 ശതമാനമായി കുറഞ്ഞു.









0 comments