ജന്തര്‍ മന്തറിലെ കൂട്ട കസ്റ്റഡിയില്‍ ആശങ്കയറിയിച്ച് യുഎൻ മനുഷ്യാവകാശ കമീഷൻ

ന്യൂഡൽഹി : ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ ആശങ്കയറിയിച്ച് യുഎൻ മനുഷ്യാവകാശ കമീഷൻ. സിപിഐ എം നേതാക്കളും സിജെപി പ്രവർത്തകരുമുള്‍പ്പെടെ പ്രക്ഷോഭകരെ കൂട്ടമായി കസ്റ്റഡിയിലെടുത്തതിലാണ് ആശങ്കയറിയിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മാനിക്കപ്പെടണമെന്നും തടങ്കലിൽ പാർപ്പിച്ചിരിക്കുന്നവരെ ഉടൻ വിട്ടയക്കണമെന്നും മനുഷ്യാവകാശ കമീഷണറുടെ ഓഫീസ് അറിയിച്ചു.
യുഎസ് മനുഷ്യാവകാശ കമീഷൻ വക്താവ് തമീൻ അൽ ഖീതനാണ് സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രസ്തവനയിറക്കിയത്. കസ്റ്റഡിയിലെടുത്തത് ഏകപക്ഷീയമായ നടപടിയാണെന്നും പ്രതിഷേധിച്ചവരെ വിട്ടയച്ചുവെന്ന് ഇന്ത്യൻ അധികാരികൾ ഉറപ്പുവരുത്തണമെന്നും യുഎൻ ബോഡി പറഞ്ഞു. അതേസമയം, മനുഷ്യാവകാശ കമീഷന്റെ പ്രസ്താവനയെ ഇന്ത്യ തള്ളി. ഐക്യ രാഷ്ട്രസഭയുടെ ആശങ്ക തെറ്റായ അവസരത്തിലാണെന്ന് പറഞ്ഞ ഇന്ത്യ, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലേക്ക് ആവശ്യമില്ലാത്ത ഇടപെടൽ നടത്തുകയാണെന്നും ആരോപിച്ചു.
പ്രസ്താവന തള്ളിയ ഇന്ത്യ, മറ്റ് സ്ഥലങ്ങളിൽ നടക്കുന്ന വലിയ പ്രതിഷേധങ്ങൾക്കും തുല്യമായ ശ്രദ്ധ നൽകാൻ യുഎന്നിനോട് ആവശ്യപ്പെട്ടു. സിപിഐ എം നേതാക്കളെയും സിജെപി പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയുമടക്കം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.









0 comments