രാജ് താക്കറെയെ സന്ദർശിച്ച് ഉദ്ധവ്

മുംബൈ
ഗണേശചതുർഥി ദിനത്തിൽ രാജ് താക്കറെയുടെ വീട് സന്ദർശിച്ച് ഉദ്ധവ് താക്കറെ. ലയന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ശിവസേന (യുബിടി) നേതാവായ ഉദ്ധവ് മഹാരാഷ്‌ട്ര നവനിർമാൺ സേന മേധാവി രാജ് താക്കറെയെ സന്ദർശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുപാർടിയും ഒന്നിച്ച് മത്സരിക്കുമെന്നാണ് റിപ്പോർട്ട്.
ഭാര്യ രശ്‌മി, മകനും മുൻമന്ത്രിയുമായ ആദിത്യ താക്കറെ എന്നിവർക്കൊപ്പമായിരുന്നു ഉദ്ധവിന്റെ സന്ദർശനം. 2021 നവംബറിൽ രാജ് താക്കറെ പുതിയ വസതിയിലേക്ക് മാറിയശേഷം ആദ്യമായാണ് ഉദ്ധവ് അദ്ദേഹത്തെ സന്ദർശിക്കുന്നത്. കഴിഞ്ഞ മാസം ഉദ്ധവിന്റെ വസതിയിലെത്തി രാജ് താക്കറെ ജന്മദിനാശംസയർപ്പിച്ചിരുന്നു. ജൂലൈയിൽ ഇരുവരും വേദി പങ്കിട്ടിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഭിന്നതകൾക്കൊടുവിലാണ് മറാഠി വോട്ടുകൾ ഒരുമിച്ചുചേർക്കാമെന്ന പ്രതീക്ഷയിൽ മഞ്ഞുരുകുന്നത്. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു പാർടികളുടെയും പ്രകടനം ശോചനീയമായിരുന്നു. 2006ലാണ് രാജ് ശിവസേന വിട്ട് എംഎൻഎസ് രൂപീകരിച്ചത്. ഉദ്ധവിന്റെ നേതൃത്വത്തിൽ ശിവസേന മഹാ വികാസ് അഘാഡിയിലെ പ്രധാന പാർടിയായിരുന്നു. എംഎൻഎസ് എൻഡിഎയെ പിന്തുണച്ചു.ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ മകനാണ് ഉദ്ധവ്. രാജ് സഹോദരപുത്രനും.










0 comments