ad
Deshabhimani

സർക്കാർ രൂപീകരിക്കാൻ ടിവികെ; വിജയ് ​ഗവർണർക്ക് കത്തയച്ചു

VIJAY

വിജയ്

വെബ് ഡെസ്ക്

Published on May 05, 2026, 01:27 PM | 1 min read

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ​ഗവർണർക്ക് കത്തയച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ലഭിച്ചില്ലെങ്കിലും, ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ തങ്ങളെ ക്ഷണിക്കണമെന്ന് വിജയ് ഗവർണറോട് ആവശ്യപ്പെട്ടു.


ടിവികെ 108 സീറ്റുകൾ നേടിയതായും, ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര അർലേക്കറിന് അയച്ച ഇമെയിൽ സന്ദേശത്തിൽ വിജയ് പറഞ്ഞതായി ടിവികെ വൃത്തങ്ങൾ അറിയിച്ചു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ രണ്ടാഴ്ചത്തെ സമയം പാർടി ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം, പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലും വിജയിച്ച വിജയിയുടെ പനയൂരിലെ വീടിന് പുറത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. ഒരു സീറ്റ് ഒഴിഞ്ഞൊഴിയുന്ന വിജയ്, ചെന്നൈയിലെ പെരമ്പൂർ മണ്ഡലമായിരിക്കും നിലനിർത്തുക.


നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 234 അംഗ നിയമസഭയിൽ 60 സീറ്റിലേക്ക് ഡിഎംകെ ഒതുക്കപ്പെട്ടു. സ്വന്തം തട്ടകമായ കൊളത്തൂരിൽ ടിവികെ സ്ഥാനാര്‍ഥി വി എസ് ബാബുവിനോട് എണ്ണായിരത്തിലേറെ വോട്ടിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തോറ്റു. വിജയ് മത്സരിച്ച രണ്ട് സീറ്റിലും ജയിച്ചു. പെരമ്പൂരിൽ അരലക്ഷത്തോളം വോട്ടിനും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഇരുപതിനായിരത്തിലേറെ വോട്ടിനുമാണ് കന്നിമത്സരത്തിൽ ജയം.


ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യം 73 സീറ്റിലും പ്രധാനപ്രതിപക്ഷമായിരുന്ന എഐഎഡിഎംകെ, ബിജെപി സഖ്യം 53 സീറ്റിലും ഒതുങ്ങി. ​2021ൽ 159 സീറ്റായിരുന്നു ഡിഎംകെസഖ്യം നേടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home