ജെസിഡി പ്രഭാകർ തമിഴ്‌നാട് നിയമസഭാ സ്പീക്കർ; എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ

തമിഴ്നാട് സ്പീക്കർ ജെസിഡി പ്രഭാകർ മുഖ്യമന്ത്രി വിജയ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, ടിവികെ എംഎൽഎ സെങ്കോട്ടയ്യൻ എന്നിവർക്കൊപ്പം( Photo: CMO Tamilnadu's X Post)
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ ജെസിഡി പ്രഭാകർ തമിഴ്‌നാട് നിയമസഭാ സ്പീക്കർ. സ്പീക്കർ സ്ഥാനത്തേക്ക് ലഭിച്ച ഏക നാമനിർദ്ദേശം പ്രഭാകറിന്റേതായിരുന്നു. അതിനാൽ പ്രോ-ടെം സ്പീക്കർ എം വി കറുപ്പയ്യ അദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്ന് ഡിഎംകെ സ്ഥാനാർഥി എഷ്ലിയൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് പ്രഭാകർ സഭയിലെത്തിയത്.
മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് സ്പീക്കറായി പ്രഭാകറിന്റെ പേര് നിർദ്ദേശിച്ചത്. സഭാ പാരമ്പര്യമനുസരിച്ച് സഭാനേതാവ് കെ എ സെങ്കോട്ടയ്യനും, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും സ്പീക്കറെ അഭിനന്ദിച്ചു. ഇന്ന് മുതൽ പ്രഭാകർ സഭാ നടപടികൾ നിയന്ത്രിക്കും. തുറൈയൂരിൽ നിന്നുള്ള ടിവികെ എംഎൽഎ എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, സി വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയിലെ ഒരു വിഭാഗം, വിജയ് നയിക്കുന്ന ടിവികെ ഭരണസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഡിഎംകെയുമായുള്ള ദീർഘകാല രാഷ്ട്രീയ ഭിന്നത കണക്കിലെടുത്താണ് ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് സി വി ഷൺമുഖം പറഞ്ഞു.










0 comments