11രൂപയുടെ ഐവി സെറ്റിന് രോഗികൾ നൽകുന്നത് 325 രൂപ; സ്വകാര്യ ആശുപത്രികളിലെ തീവെട്ടിക്കൊള്ളയുടെ കണക്കുകൾ

മുംബൈ: രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ തീവെട്ടിക്കൊള്ള തുറന്നുകാണിച്ച് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ.
നിർമാതാക്കളിൽ നിന്ന് 11 രൂപയ്ക്ക് വാങ്ങുന്ന ഐവി സെറ്റിന് രോഗികളിൽ നിന്ന് ഈടാക്കുന്നത് 325 രൂപയാണ്. 2,841% ലാഭമാണ് ഇതിൽമിന്നുമാത്രം ഈടാക്കുന്നതെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ കമീഷണർ തുക്കാറാം മുണ്ടെ ചൂണ്ടിക്കാട്ടി.

ആശുപത്രികളിൽ കിടപ്പുരോഗികൾക്കായി ഉപയോഗിക്കുന്ന അവശ്യ മെഡിക്കൽ ഉപകരണങ്ങൾക്കാണ് ഭീമമായ വിലവർധനവ് ഈടാക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് പ്രൈസ് മോണിറ്ററിംഗ് റിസോഴ്സ് യൂണിറ്റ് നടത്തിയ പഠനത്തിലാണ് വിപണിയിലെ അമിത ലാഭക്കൊള്ളയുടെ വിവരങ്ങൾ പുറത്തുവന്നത്.

6.75 രൂപയ്ക്ക് വാങ്ങുന്ന സിറിഞ്ച് വിൽക്കുന്നത് 57.20 രൂപയ്ക്കാണ് (747% അധിക തുക). ഐവി കാനുല വാങ്ങുന്നത് 22.50 രൂപയ്ക്കും വിൽക്കുന്നത് 424 രൂപയ്ക്കുമാണ്. ഏകദേശം 19 ഇരട്ടി വർധനവാണ് ഇതിൽ നിന്നുമാത്രം ഈടാക്കുന്നത്.

നെബുലൈസർ മാസ്ക് 40 മുതൽ 45 രൂപവരെ നൽകി വാങ്ങുമ്പോൾ വിൽക്കുന്നതാകട്ടെ 1,687% അധിക ലാഭത്തിൽ 652 മുതൽ 715 വരെ രൂപയ്ക്കാണ്. കത്തീറ്റർ 29.41രൂപയ്ക്ക് വാങ്ങുന്നത് നിർമാണ വിലയുടെ 10 ഇരട്ടിയിലധികം തുകയ്ക്കാണ് രോഗികൾക്ക് നൽകുന്നത്.

ഈ വിലവർധനവ് തികച്ചും അന്യായവും യുക്തി സഹമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി തുക്കാറാം മുണ്ടെ കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. ആശുപത്രികളിൽ ഉപയോഗിക്കുന്ന ഇത്തരം സർജിക്കൽ ഉപകരണങ്ങളെ 2013-ലെ ഡ്രഗ്സ് ഓർഡറിന്റെ (പ്രൈസസ് കൺട്രോൾ) പരിധിയിൽ കൊണ്ടുവന്ന് കേന്ദ്ര സർക്കാർ വിലപരിധി നിശ്ചയിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.









0 comments