യുഎസ് വിസയ്ക്കായി കാത്തിരിക്കേണ്ടത് മാസങ്ങൾ; വലഞ്ഞ് മെട്രോ നഗരക്കാർ

ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിന് വിസ കാത്തിരിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ വിസ അഭിമുഖത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
വിനോദസഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമുള്ള ബി1/ബി2 വിസ അപേക്ഷകരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഇതിന് കാരണം. പുതിയ കണക്കുകൾ പ്രകാരം മുംബൈയിലാണ് ഏറ്റവും കൂടുതൽ കാത്തിരിപ്പ് സമയം രേഖപ്പെടുത്തിയിരിക്കുന്നത് - ശരാശരി 9.5 മാസം.
അതേസമയം, തെക്കേ ഇന്ത്യക്കാർക്ക് ആശ്വാസമായി ചെന്നൈയിൽ കാത്തിരിപ്പ് സമയം വെറും 1.5 മാസം മാത്രമാണ്. മറ്റ് പ്രധാന നഗരങ്ങളായ ന്യൂഡൽഹിയിൽ 6.5 മാസം, ഹൈദരാബാദിൽ 7.5 മാസം, കൊൽക്കത്തയിൽ 2.5 മാസം എന്നിങ്ങനെയാണ് കാത്തിരിപ്പ് സമയം. ഫെബ്രുവരി 13-ലെ കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണിത്.
എന്നാൽ അപേക്ഷകരുടെ എണ്ണത്തിലെ മാറ്റം, സ്റ്റാഫ് ലഭ്യത എന്നിവയനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. അതിനാൽ യുഎസ് യാത്ര പ്ലാൻ ചെയ്യുന്നവർ വിസ സ്ലോട്ടുകൾ ലഭിച്ചതിന് ശേഷം മാത്രം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാകും ഉചിതമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. മുൻകൂട്ടിയുള്ള പ്ലാനിംഗിലൂടെ യാത്രാ തടസ്സങ്ങൾ ഒഴിവാക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.











0 comments