ad
Deshabhimani

താനെയിൽ വെള്ളച്ചാട്ടത്തിന് സമീപം മലവെള്ളപ്പാച്ചിൽ; യുവാവ് മരിച്ചു, ഒരാളെ കാണാതായി

drowned
വെബ് ഡെസ്ക്

Published on Jul 26, 2026, 10:54 PM | 1 min read

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപമുണ്ടായ മലവെള്ളപ്പാച്ചിലിൽ യുവാവ് മരിച്ചു. ഒരാളെ കാണാതായി. ഒഴുക്കിൽപ്പെട്ട മറ്റ് മൂന്നുപേരെ രക്ഷപ്പെടുത്തി.


കല്യാണിലെ ആധാർവാടി സ്വദേശി ആകാശ് ദേശ്മുഖ് (21) ആണ് മരിച്ചത്. വൈകിട്ടോടെ താഴ്ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തി. കല്യാൺ ഈസ്റ്റ് സ്വദേശി ദിനേഷ് മണ്ഡൽക്കർ (34) എന്നയാളെയാണ് കാണാതായത്. ഇയാളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്.


ഷഹാപുർ താലൂക്കിലെ ഡോൾഖാംബ് മേഖലയിലുള്ള ചോന്ധെ വെള്ളച്ചാട്ടത്തിന് സമീപം ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കല്യാണിൽനിന്നെത്തിയ അഞ്ച് സുഹൃത്തുക്കൾ വിനോദസഞ്ചാരത്തിനായി പ്രദേശത്തെത്തിയതായിരുന്നു.


വനമേഖലയിൽ കാലാവസ്ഥ പെട്ടെന്ന് മാറുകയും മേഘവിസ്ഫോടനസമാനമായ ശക്തമായ മഴ പെയ്യുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ സമീപത്തെ തോട്ടിലെ ജലനിരപ്പ് കുത്തനെ ഉയർന്ന് അഞ്ചുപേരെയും ഒഴുക്കിൽപ്പെടുത്തുകയായിരുന്നു.


ശക്തമായ ഒഴുക്കും മഴയും അവഗണിച്ച് രക്ഷാപ്രവർത്തകർ മൂന്നുപേരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങൾ, നദികൾ, വെള്ളം കവിഞ്ഞൊഴുകുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home