കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം: മൂന്ന് മരണം

ബെലഗാവി : കർണാടകത്തിലെ ബെലഗാവിയിൽ പഞ്ചസാര ഫാക്ടറിയുടെ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. മാരകുമ്പിയിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നതെന്ന് ബെലഗാവി റൂറൽ ജില്ലാ സൂപ്രണ്ട് കെ രാമരാജൻ പറഞ്ഞു. അക്ഷയ് ടോപാഡെ, ദീപക് മുന്നോളി, സുദർശൻ ബനോഷി എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രണ്ട് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മൂന്നാമത്തെയാൾ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പരിക്കേറ്റ മറ്റ് അഞ്ച് പേർ കെഎൽഇ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.










0 comments