'ഇത് രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടം, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം': സൗരവ് ദാസ്

ന്യൂഡൽഹി: നമ്മുടെ രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് ഇന്ന് ജന്തർമന്തറിൽ നടക്കുന്നതെന്ന് സിജെപി നേതാവ് സൗരവ് ദാസ്. ഇത് നമ്മുടെ ജാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. നമ്മൾ ജെൻ-സികളുടെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണ്. അഴിമതിയില്ലാത്ത ഒരു വ്യവസ്ഥിതി ഉറപ്പാക്കുന്നത് വരെ ഞങ്ങൾ പോരാടുമെന്ന് സൗരവ് ദാസ് പറഞ്ഞു
"ഇത് നമ്മുടെ രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് ! ഇത് നമ്മുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ! ഇത് നമ്മൾ ജെൻ-സികളുടെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണ് ! എന്റെ തലമുറയെക്കുറിച്ച് ഓർത്ത് അത്യധികം അഭിമാനിക്കുന്നു. അഴിമതിയില്ലാത്ത ഒരു വ്യവസ്ഥിതി ഉറപ്പാക്കുന്നത് വരെ ഞങ്ങൾ പോരാടും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ജന്തർ മന്തറിലും പരിസരത്തും വെച്ച് നമുക്ക് കാണാം ! ഇതൊരു നീണ്ട പോരാട്ടമാണ്" - സൗരവ് ദാസ് സോഷ്യൽമീഡിയയിൽ കുറിച്ചു.
അതേസമയം എന്തൊക്കെ വെല്ലുവിളികൾ നേരിട്ടാലും ഇന്ന് ജന്തർമന്തറിൽ പ്രഖ്യാപിച്ച പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും വ്യക്തമാക്കി. വിമാനത്താവളത്തിൽ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം. ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും എയർപോർട്ടിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അഭിജിത് ദീപ്കെ പറഞ്ഞു. അറസ്റ്റിനെ ഭയമില്ലെന്നും സമാധാനപരമായി സമരം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അഭിജീത് വ്യക്തമാക്കി.
തനിക്കെതിരെ യുഎപിഎയോ ദേശീയ സുരക്ഷാ നിയമമോ ചുമത്തിയാലും ആവശ്യത്തിൽ നിന്ന് പിൻവാങ്ങില്ല. രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണം എന്നതാണ് ആവശ്യമെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി. താൻ അറസ്റ്റിലോ കസ്റ്റഡിയിലോ ആയാൽ പോലും സമരം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.









0 comments