print edition മോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂൺ ; ദ വയറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രം പൂട്ടിച്ചു

ന്യൂഡൽഹി
മോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂൺ വീഡിയോ പ്രസിദ്ധീകരിച്ചതിന് ഓൺലൈൻ പോര്‍ട്ടലായ ദ വയറിന്റെ ഇൻസ്റ്റഗ്രാം പേജ് രണ്ട് മണിക്കൂറോളം കേന്ദ്രസര്‍ക്കാര്‍ പൂട്ടിച്ചു. തിങ്കളാഴ്‌ചയാണ് 13 ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള പേജ് മെറ്റ ബ്ലോക്ക് ചെയ്‍തത്.
അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമല്ല, ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ഥന പാലിക്കുന്നുവെന്ന സന്ദേശമാണ് പേജിൽ കയറിയവര്‍ കണ്ടത്. കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ 52 സെക്കന്റ് കാര്‍ട്ടൂൺ ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം മെറ്റയോട് ആവശ്യപ്പെട്ടതായി അനൗദ്യോഗികമായി സ്ഥിരീകരിച്ചെന്ന് ദ വയര്‍ വ്യക്തമാക്കി. പിന്നീട് അക്കൗണ്ട് തിരിച്ചുകിട്ടിയെങ്കിലും കാര്‍ട്ടൂണിനുള്ള വിലക്ക് മാറ്റിയില്ല. വയറിന്റെ ഫേസ്ബുക്കിലും കാര്‍ട്ടൂൺ ബ്ലോക്ക് ചെയ്‍തിട്ടുണ്ട്. ഐടി നിയമപ്രകാരം ഉള്ളടക്കം വിലക്കുംമുമ്പ് മന്ത്രാലയം മുൻകൂട്ടി പബ്ലിഷറെ അറിയിക്കേണ്ടതുണ്ട്. ഇത് പാലിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം മേയിൽ ദ വയറിന്റെ വെബ്സൈറ്റ് തന്നെ ഒരു ദിവസത്തേക്ക് പൂട്ടിയിരുന്നു.










0 comments