പോരാട്ടജ്വാല രാജ്യമാകെ പടരുന്നു, കൂടുതൽപേർ പ്രക്ഷോഭ വേദികളിലേക്ക്; അമരത്ത് ഇടതുപക്ഷം

ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കാൻ ഡൽഹിയിൽ തുടരുന്ന വീറുറ്റ പോരാട്ടത്തിന്റെ തീജ്ജ്വാലകൾ രാജ്യമാകെ പടരുന്നു. കേന്ദ്ര സർക്കാരിന്റെ ഒത്താശയിൽ അരങ്ങേറുന്ന വോട്ടുവെട്ടലിനെതിരെ ഡൽഹിയും കടന്ന് ഓരോ ദിവസവും പ്രക്ഷോഭം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. പ്രക്ഷോഭകരെ അടിച്ചമർത്താൻ പ്രയോഗിക്കുന്ന ഭരണകൂടത്തിന്റെ കിരാത നടപടികൾ സമരാവേശം കൂടുതൽ ജ്വലിപ്പിച്ചു. തങ്ങൾക്കായി പോരാടാൻ ഇറങ്ങിത്തിരിച്ചവർക്കെതിരായ നരവേട്ടയിൽ മനംപിടഞ്ഞ് രാജ്യമൊന്നാകെ പ്രതിഷേധത്തിലേക്ക് കടന്നുവരികയാണ്. മുഴുവൻ സംസ്ഥാനങ്ങളിലും, പ്രധാനമായും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര വിരുദ്ധ ജനകീയ പ്രക്ഷോഭം അലയടിച്ചുയരുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ ഡൽഹിയിലേക്ക് തിരിച്ചു തുടങ്ങിയിട്ടുമുണ്ട്.
കേരളം, തമിഴ്‌നാട്, കർണാടകം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പശ്‌ചിമബംഗാളിലും അതിശക്തമായ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഒഡിഷ, ഗുജറാത്ത്, ത്രിപുര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിലെ വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ ബഹുജനരോഷം ഇരന്പുകയാണ്. യുവജനങ്ങൾക്കൊപ്പം കർഷകരും തൊഴിലാളികളും അടക്കം മുഴുവൻ ജനവിഭാഗങ്ങളും പോരാട്ടത്തിൽ അണിനിരക്കുന്നുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രക്ഷോഭകരെ അതിക്രൂരമായ മർദനങ്ങൾക്കും പീഢനങ്ങൾക്കും ഇരയാക്കുകയാണ്. പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള ഇടതുപക്ഷ സംഘടനകളുടെ നേതാക്കളെ ദിവസങ്ങളോളം വീട്ടുതടങ്കലിലാക്കിയിരിക്കുന്ന സാഹചര്യവുമുണ്ട്. ഇടതുപക്ഷ നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും കസ്‌റ്റഡിയിലെടുക്കുകയുമാണ്.

ഡൽഹിയിൽ ഇടത് –വിദ്യാർഥി-–യുവജന നേതാക്കൾക്കു നേരെ ഉണ്ടായ അതിക്രൂരമായ ആക്രമണത്തിൽ വ്യാപക അമർഷമാണ് കേരളത്തിൽ ഉയർന്നത്. സംസ്ഥാനത്തെ മുഴുവൻ മേഖലകളിലും ചെറുതും വലുതുമായ പ്രതിഷേധ പരിപാടികൾ തുടരുകയാണ്. സിപിഐ എം നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുകയാണ്. ഇടതു വിദ്യാർത്ഥി, യുവജന സംഘടനകളും തൊഴിലാളി–കർഷക സംഘടനകളും അണിനിരക്കും. ഞായറാഴ്‌ച തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ അതിശക്തമായ പ്രതിഷേധം അലയടിച്ചു. ഗ്യാനേഷിനെ സംരക്ഷിക്കുന്ന മോദിക്ക് നേരെ ചെന്നൈ നഗരത്തിൽ പലയിടത്തായി എസ്എഫ്ഐ–ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. ചെന്നൈയിലും കോയമ്പത്തൂരിലുമായി നൂറിലധികം പ്രക്ഷോഭകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കറുത്ത കൊടികൾ പിടിച്ചും 'മോദി ഗോ ബാക്ക്' മുദ്രാവാക്യങ്ങൾ വിളിച്ചും പ്രവർത്തകർ പാതകൾ ഉപരോധിച്ചു. കൊൽക്കത്തയിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളും പ്രവർത്തകരും വൻ റാലികളുമായി തെരുവിലിറങ്ങി. ഡൽഹിയിലെ പൊലീസ് വേട്ടക്കെതിരെയും കേന്ദ്ര ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെയും മുദ്രാവാക്യങ്ങളുയർത്തി. കർണാടകയിലും സിപിഐ എം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കലബുർഗി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വൈ സുജാത ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ബിഹാറിൽ ഇടതുപാർട്ടികളും ആർജെഡിയും കോൺഗ്രസും പ്രതിഷേധത്തിന് നേതൃത്വം നൽകി. ഗുജറാത്തിലെങ്ങും ഇടതു വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രകടനങ്ങൾ നടന്നു. ഉത്തർപ്രദേശിൽ ഇടതുസംഘടനകളുടെ നേതൃത്വത്തിൽ ബഹുജന റാലി സംഘടിപ്പിച്ചു. അസമിലും തെലങ്കാനയിലും ആന്ധ്രയിലുമെല്ലാം സമരപരിപാടികൾ ശക്തമാവുകയാണ്.









0 comments