ടി വി കാണുന്നതിന്റെ പേരിൽ തർക്കം; താനെ സ്വദേശി കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു

താനെ : ടി വി കണ്ടതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ താനെ സ്വദേശി മൂന്ന് കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു. വീട്ടിൽ പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് അതിക്രമം. സംഭവത്തിൽ താനെ സ്വദേശിയായ മുഹമ്മദ് താരിഖ് ഖാനെതിരെ കേസെടുത്തു. തന്റെ ഭാര്യയെയും മകളെയും പേരക്കുട്ടിയെയുമാണ് താരിഖ് കുത്തിപ്പരിക്കേൽപ്പിച്ചത്. നഗരത്തിലെ റബോഡി പ്രദേശത്താണ് സംഭവമുണ്ടായത്.
താരിഖും ഭാര്യയുമായി നിരന്തരം വഴക്ക് ഉണ്ടാകുമായിരുന്നു. വെള്ളിയാഴ്ച ഖാനും കുടുംബവും പേരക്കുട്ടിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനായി ബന്ധുക്കളെല്ലാം വീട്ടിലെത്തിയിരുന്നു. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ടെലിവിഷൻ കാണുന്നത് താരിഖ് എതിർത്തിരുന്നു. പിറന്നാൾ ദിവസം രാത്രി ഈ വിഷയത്തിൽ ഭാര്യയുമായി താരിഖ് വഴക്കുണ്ടാക്കി.
വഴക്കിനൊടുവിൽ താരിഖ് അടുക്കളയിൽ കരുതിയിരുന്ന കത്തി എടുത്ത് ഭാര്യയെ ആക്രമിച്ചു. സ്ത്രീയെ രക്ഷിക്കാൻ മകളും ചെറുമകളും ഇടപെട്ടപ്പോൾ താരിഖ് അവരെയും കുത്തിയതായി റബോഡി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ പ്രദേശത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരിഖിന്റെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 118(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.











0 comments