രാജ്യത്ത് ടെലിഗ്രാം ആപ്പിന് കടുത്ത നിയന്ത്രണം; നടപടി നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി

ടെലിഗ്രാം
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി പ്രമുഖ സന്ദേശമയയ്ക്കൽ ആപ്പായ ടെലിഗ്രാമിന്മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രം. ചോദ്യപേപ്പർ ചോർച്ചയും ഡിജിറ്റൽ മാഫിയകളുടെ ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയത്.
ടെലഗ്രാം ആക്‌സസ് ജൂൺ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പർ ചോർച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. ക്രമക്കേടുകൾ തടയുന്നതിനായി ടെലിഗ്രാമിലെ സംശയാസ്പദമായ ഗ്രൂപ്പുകളെയും ചാനലുകളെയും പ്രത്യേകം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ഇവ അടിയന്തരമായി ബ്ലോക്ക് ചെയ്യാനുമുള്ള നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട യാതൊരുവിധ വ്യാജ സന്ദേശങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി കൈമാറുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
നേരത്തെ നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തരങ്ങളും ചില ടെലിഗ്രാം ഗ്രൂപ്പുകളും ചാനലുകളും വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്ത ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വരാനിരിക്കുന്ന പുനഃപരീക്ഷ തികച്ചും കുറ്റമറ്റ രീതിയിൽ നടത്താൻ വിനിമയ പ്ലാറ്റ്‌ഫോമുകൾക്ക് മേൽ സർക്കാർ കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയത്.










0 comments