Deshabhimani

തെലങ്കാനയിൽ ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ

TELANGANA
വെബ് ഡെസ്ക്

Published on Oct 02, 2026, 08:38 PM | 1 min read

ഭുവനഗിരി: തെലങ്കാനയിൽ ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ ആക്രമണം. തെലങ്കാനയിലെ ഭൂദാൻ പോച്ചംപള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ വെങ്കട തിരുപ്പതി എന്നയാളാണ് ആക്രമണം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ഇയാൾ ആക്രമിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


ഡ്യുട്ടിയിലുണ്ടായിരുന്ന ഡോ ശ്വേതയെ അവരുടെ മുറിയിൽ കയറി ആക്രമിച്ചതായാണ് പരാതി. ചികിത്സയ്ക്കായി എത്തിയ ഇയാൾ ഡോക്ടറെ രണ്ടുതവണ അടിച്ചതിന് പിന്നാലെ മറ്റ് ജീവനക്കാരെയും ആക്രമിച്ചതായി അധികൃതർ അറിയിച്ചു. മേശപ്പുറത്തുണ്ടായിരുന്ന സ്റ്റെതസ്കോപ്പ് എടുത്ത് പുറത്തേക്ക് പോകുന്നതിനിടെ മറ്റൊരു ജീവനക്കാരനെയും ഇയാൾ ആക്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.


ആരോഗ്യകേന്ദ്രത്തിലെ കമ്പ്യൂട്ടറിന് കേടുപാടുകൾ വരുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെത്തിയ പിഎച്സി ജീവനക്കാരെയും ഇയാൾ ആക്രമിച്ചതായും രണ്ട് വനിതകൾ ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നും ജീവനക്കാർ ആരോപിച്ചു. തടയാൻ ശ്രമിച്ച രോഗികളെയും ആക്രമിച്ചതായി പറയുന്നു.


പിഎച്സി ജീവനക്കാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതിനാൽ മെഡിക്കൽ പരിശോധന നടത്തിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.


സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യപ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആരോഗ്യകേന്ദ്രത്തിലെ സുരക്ഷ ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home