ഇന്ത്യയിൽ ഈനാംപേച്ചിയുടെ പുതിയ സ്പീഷിസിനെ കണ്ടെത്തി

പ്രതീകാത്മക ചിത്രം
കൊൽക്കത്ത : ഈനാംപേച്ചിയുടെ പുതിയ സ്പീഷിസിനെ ഇന്ത്യയിൽ നിന്ന് കണ്ടെത്തി. പുതിയ സ്പീഷിസായ ഇൻഡോ ബർമീസിനെയാണ് കണ്ടെത്തിയത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് ഇൻഡോ-ബർമീസ് പാംഗോലിൻ (മാനിസ് ഇൻഡോ-ബർമാനിക്ക) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഇനം ഈനാംപേച്ചിയെ തിരിച്ചറിഞ്ഞത്.ഏകദേശം 34 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ ഇനം ചൈനീസ് ഈനാംപേച്ചിയിൽ നിന്ന് (മാനിസ് പെന്റഡാക്റ്റൈല) വഴിപിരിഞ്ഞതാണ് ഇൻഡോ ബർമീസ് ഉണ്ടായത്.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകൻ മുകേഷ് താക്കൂറിന്റെ നേതൃത്വത്തിൽ നടത്തിയ ജീനോം പഠനത്തിലാണ് ഇവ പുതിയ സ്പീഷിസാണെന്ന് തെളിഞ്ഞത്. മൈറ്റോകോൺഡ്രിയൽ ജീനോമുകൾ വിശകലനം ചെയ്യാൻ വിപുലമായ ജീനോമിക് ടൂളുകൾ ഉപയോഗപ്പെടുത്തിയായിരുന്നു ഗവേഷണം. ഇൻഡോ-ബർമീസ് മേഖലയിലെ- ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടിലെ ഭൗമ-കാലാവസ്ഥാ മാറ്റങ്ങൾ ഈ ജീവിവർഗത്തിന്റെ പരിണാമത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഗവേഷണം എടുത്തുകാണിക്കുന്നു.
പ്ലിയോസീൻ, പ്ലീസ്റ്റോസീൻ കാലഘട്ടങ്ങളിൽ ഇൻഡോ-ബർമീസ് ഈനാംപേച്ചി വഴിപിരിഞ്ഞതായി ഗവേഷകർ സ്ഥിരീകരിച്ചു. അരുണാചൽ പ്രദേശ്, അസം, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിലാണ് ഈ ഇനം ഈനാംപേച്ചികൾ വ്യാപിച്ചുകിടക്കുന്നത്. പുറംതോടിനും മാംസത്തിനും വേണ്ടി വേട്ടയാടുന്നതിനാൽ ഇവ കടുത്ത വംശനാശ ഭീഷണി നേരിടുന്നു.










0 comments