Deshabhimani

എൻ ചന്ദ്രശേഖരൻ ടാറ്റയുടെ തലപ്പത്ത് തുടരും

Tata Sons Chairman

എൻ ചന്ദ്രശേഖരൻ

വെബ് ഡെസ്ക്

Published on Sep 17, 2026, 04:20 PM | 1 min read

മുംബൈ: എൻ ചന്ദ്രശേഖരൻ ടാറ്റാ സൺസിന്റെ ചെയർമാനായി തുടരും. മുംബൈയിൽ ചേർന്ന ടാറ്റ സൺസ് ബോർഡ് യോ​ഗത്തിലാണ് നിർണായക തീരുമാനം. പദവിയിൽ ആറ് മാസം ശേഷിക്കെ എൻ ചന്ദ്രശേഖരൻ രാജിവച്ചിരുന്നു. ടാറ്റാ ​ഗ്രൂപ്പിലെ അധികാരതർക്കങ്ങളാണ് രാജിയിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ ഇനി തുടരാനില്ലെന്നും അദേഹം പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആർബിഐ നടത്തിയ നിർണായക ഇടപെടലിലാണ് ചന്ദ്രശേഖരൻ തന്നെ തുടരട്ടെ എന്ന തീരുമാനത്തിലേയ്ക്ക് ടാറ്റാ സൺസ് എത്തിയത്.


2017 ലാണ് ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തേയ്ക്ക് എൻ ചന്ദ്രശേഖരൻ എത്തിയത്. അഞ്ച് വർഷം പൂർത്തിയാക്കി വീണ്ടും ചെയർമാൻ സ്ഥാനത്ത് തുടർന്നു പോന്നു. ഇതിനിടെ ടാറ്റ ട്രസ്റ്റ്‌സിന്റെ ചെയർമാനായ നോയൽ ടാറ്റയുടെ എതിർപ്പ് ശക്തമായതോടെ ആ​ഗസ്തിൽ ചന്ദ്രശേഖരൻ രാജിവെച്ചു. 2027 ഫെബ്രുവരിയിൽ കാലാവധി അവസാനിരിക്കെയായിരുന്നു രാജി.


1987ൽ ടാറ്റ ഗ്രൂപ്പിൽ ചേർന്ന ചന്ദ്രശേഖരൻ, 2009ൽ ടിസിഎസിന്റെ സിഇഒ ആയി. തുടർന്ന് 2017ലാണ് ടാറ്റ സൺസ് ചെയർമാനായി ചുമതലയേറ്റത്. ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, എയർ ഇന്ത്യ ഉൾപ്പെടെ 30ൽ അധികം കമ്പനികളെ ടാറ്റ സൺസ് നിയന്ത്രിക്കുന്നുണ്ട്. ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിനാണ് ഇതിന്റെ 66% ഓഹരി പങ്കാളിത്തമുള്ളത്. രത്തൻ ടാറ്റയുടെ വിശ്വസ്തൻ കൂടിയാണ്.


ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ വിപണിയിൽ ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ കനത്ത നഷ്ടം രേഖപ്പെടുത്തിയിരുന്നു. ടിസിഎസ് ഓഹരികൾ 4 ശതമാനവും ടാറ്റ മോട്ടോഴ്സ് പിവി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് എന്നിവ യഥാക്രമം 2.55%, 1.61% എന്നിങ്ങനെ ഇടിവോടെയാണ് വ്യാപാരം നടത്തിയത്. ടൈറ്റൻ, ടാറ്റ സ്റ്റീൽ തുടങ്ങിയ മറ്റ് ഗ്രൂപ്പ് ഓഹരികളും ഏകദേശം 2 ശതമാനത്തോളം ഇടിഞ്ഞിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home