"നമ്മ വീട്ടുപ്പിള്ളൈ വന്തുകൊണ്ടിരിക്കറാർ'

വോട്ടർമാരെ കാണാൻ തച്ചമലയിലെ ആദിവാസി ഉന്നതികളിലേക്ക് ബോട്ടിൽ പോകുന്ന പത്മനാഭപുരം മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി ആർ ചെല്ലസ്വാമി
കന്യാകുമാരി: "അൻപാന തോഴർകളെ നമ്മ വീട്ടുപ്പിള്ളൈ ആർ ചെല്ലസ്വാമി നീങ്കളെ തേടി വന്തുകൊണ്ടിരിക്കരാർ'–സിപിഐ എം സ്ഥാനാർഥി ആർ ചെല്ലസ്വാമിയുടെ പ്രചാരണ വാഹനം കന്യാകുമാരി തിരുവട്ടാറിലെ സുരുളകോട് എത്തിയതും തോട്ടം തൊഴിലാളികൾ പൊതിഞ്ഞു. സ്വന്തം നേതാവിനെ പൊന്നാടയും ചുവപ്പ് ഷാളുമണിയിച്ചാണ് സ്വീകരണം. ഇതിനിടയിൽ കുട്ടികളും സ്‌ത്രീകളും സെൽഫിയെടുക്കുന്നു.
ശാസ്താംകോവിൽ, പന്നിയോട്, ചെല്ലന്തുരുത്തി, പെരുവഴിക്കടവ്, കുറ്റിയാണി എന്നിവിടങ്ങളിലെല്ലാം മലകയറിയിറങ്ങി വോട്ട് ഉറപ്പാക്കിയുള്ള പ്രചാരണം. പേച്ചിപ്പാറയിൽനിന്ന് അരമണിക്കൂറോളം ബോട്ടിൽ സഞ്ചരിച്ചാണ് വനമേഖലകളായ തോട്ടമലയിലും തച്ചമലയിലും എത്തിയത്. കാണി വിഭാഗക്കാരായ ആയിരത്തോളം പേർ ഇവിടത്തെ ഉന്നതികളിൽ ജീവിക്കുന്നു. ഊരു മൂപ്പൻമാരുടെ നേതൃത്വത്തിൽ വലിയ സ്വീകരണം ലഭിച്ചു. ഇവർക്ക് ഭൂമിയുടെ അവകാശം ഉൾപ്പെടെ നേടിക്കൊടുക്കുന്നതിൽ ആർ ചെല്ലസ്വാമിയുടെ വലിയ ഇടപെടലുണ്ട്. പത്മനാഭപുരം മണ്ഡലത്തിൽ മാത്രമല്ല കന്യാകുമാരി ജില്ലയിലാകെ അറിയപ്പെടുന്ന നേതാവാണ് ആർ ചെല്ലസ്വാമി. അവരുടെ ഭാഷയിൽ പറഞ്ഞാൽ നമ്മ വീട്ടുപ്പിള്ളൈ.
ബിരുദധാരിയായ ചെല്ലസ്വാമി ഡിവൈഎഫ്‌ഐയുടെയും കർഷക സംഘത്തിന്റെയും ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി രൂപികരിച്ച കൊല്ലങ്കോട് മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഏഴുദേശം ടൗൺ പഞ്ചായത്തിന്റെ ചെയർമാനായും വൈക്കല്ലൂർ സഹകരണ സംഘത്തിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു.









0 comments