print edition തമിഴ്‌നാട്ടിൽ മിശ്രവിവാഹിതരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സിപിഐ എം പ്രവർത്തകർ രക്ഷപ്പെടുത്തി

വിവാഹിതരായ പരന്താമനും ഗായത്രിയും
ചെന്നൈ: തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ മിശ്രവിവാഹിതരായവരെ തട്ടിക്കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ ശ്രമം സിപിഐ എം പ്രവർത്തകർ തടഞ്ഞു. കടലൂർ സ്വദേശിയായ ദളിത് യുവാവ് പരന്താമനും (26) ഗായത്രിയും (22) ട്രിച്ചിയിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽവച്ചാണ് ആക്രമിക്കപ്പെട്ടത്.
വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹത്തെ ഗായത്രിയുടെ വീട്ടുകാർ എതിർക്കുകയും വീട്ടുതടങ്കലിലാക്കി മറ്റൊരാളുമായി വിവാഹം നടത്താൻ ശ്രമിക്കുകയുംചെയ്തിരുന്നു. ഇതേത്തുടർന്ന് ശനിയാഴ്ച ഇരുവരും ജില്ലാ കമ്മിറ്റി ഓഫീസിൽ അഭയംതേടിയെത്തി.
ട്രിച്ചി സിറ്റി ജില്ലാ സെക്രട്ടറി കോവി. വെട്രിസെൽവൻ, കടലൂർ ജില്ലാ കമ്മിറ്റിയംഗം രവിചന്ദ്രൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ഓഫീസിൽവച്ച് വിവാഹം നടത്തി. തുടർന്ന് പുറത്തിറങ്ങിയ ദമ്പതികളെ ആറംഗസംഘം ബലമായി കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. പാർടി പ്രവർത്തകർ ഇടപെട്ട് പ്രതിരോധിച്ചു.









0 comments