പുതുവത്സര ആഘോഷത്തിനിടെ ബഹളം വെച്ചത് ചോദ്യം ചെയ്തു; കുത്തേറ്റ തയ്യൽക്കാരൻ മരിച്ചു

ന്യൂഡൽഹി: പുതുവത്സര ആഘോഷത്തിനിടെ ഉച്ചത്തിൽ പാട്ടും ബഹളവുമായി പരിസരവാസികളെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത തയ്യൽ കടക്കാരനെ കൗമാരക്കാരായ കുട്ടികളുടെ സംഘം കുത്തി കൊലപ്പെടുത്തി.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗറിൽ പുതുവത്സര ദിനത്തിലാണ് സംഭവം. ഇവിടെ തയ്യൽക്കാരനായി ജോലി ചെയ്തിരുന്ന ബിഹാരി ലാൽ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
അക്രമത്തിൽ പരിക്കേറ്റ ബിഹാരി ലാൽ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ (ബിജെആർഎം) ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ വെച്ച് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഉച്ചത്തിലുള്ള സംഗീതം ഉപയോഗിച്ചുള്ള ആഘോഷം അതിരുവിട്ടു. ഒപ്പം ബഹളവും തുടങ്ങി. ഇത് ചോദ്യം ചെയ്തതോടെ തർക്കം മൂത്ത് അക്രമത്തിലേക്ക് എത്തി. കുത്തേറ്റാണ് ബിഹാരി ലാൽ മരിച്ചതെന്നും പൊലീസ് പറഞ്ഞു.










0 comments