തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ഇടിഞ്ഞെന്ന് സര്‍വേ

ന്യൂഡൽഹി
ബിഹാറിലെ വോട്ടർപ്പട്ടിക ക്രമക്കേട്, വോട്ട് മോഷണം തുടങ്ങിയ വിവാദങ്ങൾക്കിടെ ജനങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ഇടിയുന്നതായി സർവേ ഫലം. വിവിധ സംസ്ഥാനങ്ങളിൽ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്‌നീതി പ്രോഗ്രാം 2019നും 2025നും ഇടയിൽ നടത്തിയ പോസ്റ്റ്-പോൾ സർവേയിലാണ് കണ്ടെത്തൽ.
ബിജെപി തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ ഇടിവ്. 57 ശതമാനം പേർ ഉയർന്ന വിശ്വാസ്യത രേഖപ്പെടുത്തിയിരുന്നത് 17 ശതമാനമായി കുറഞ്ഞു. ബിജെപി അധികാരത്തിലെത്തിയ ഡൽഹിയിൽ 60 ശതമാനത്തിൽനിന്ന് 21 ശതമാനമായും ഉത്തർപ്രദേശിൽ 56 ശതമാനമായിരുന്നത് 21 ശതമാനമായും കുറഞ്ഞു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും ലോക്‌നീതി പ്രോഗ്രാം 19 സംസ്ഥാനങ്ങളിൽ സർവേ നടത്തിയിരുന്നു. അന്ന് പ്രതികരിച്ചവരിൽ 14 ശതമാനം പേരും കമീഷനിൽ വലിയ വിശ്വാസമില്ലെന്നും ഏഴ് ശതമാനം പേർ തീരെ വിശ്വാസമില്ലെന്നും രേഖപ്പെടുത്തി. 2019ൽ ഇത് യഥാക്രമം ഏഴും അഞ്ചും ശതമാനമായിരുന്നു.










0 comments