print edition ജോൺ ബ്രിട്ടാസിന്റെ ചോദ്യം; റഷ്യയുടെ പേര് പരാമർശിക്കാൻ ഭയന്ന് സുരേഷ് ഗോപി

സുരേഷ് ഗോപി, ജോൺ ബ്രിട്ടാസ് (File)
ന്യൂഡൽഹി: നിലവിൽ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുണ്ടോയെന്ന ചോദ്യത്തിന് പാർലമെന്റിൽ വ്യക്തമായ മറുപടി നൽകാതെ കേന്ദ്രം. ഏതൊക്കെ രാജ്യങ്ങളിൽനിന്നാണ് നിലവിൽ ക്രൂഡോയിൽ ഇറക്കുമതി എന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ചോദിച്ചതിന് മറുപടിയായി 41 രാജ്യങ്ങളിൽനിന്ന് എണ്ണ വാങ്ങുന്നുണ്ടെന്നായിരുന്നു പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ മറുപടി. അമേരിക്കയുടെയും ഗൾഫ് രാജ്യങ്ങളുടെയും പേരുകൾ മറുപടിയിൽ പ്രത്യേകം പരാമർശിച്ചെങ്കിലും റഷ്യയുടെ പേരുണ്ടായില്ല.
അമേരിക്ക, നൈജീരിയ, അംഗോള, കാനഡ, കൊളംബിയ, ബ്രസീൽ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിൽനിന്ന് സമീപകാലത്ത് ക്രൂഡോയിൽ വാങ്ങിത്തുടങ്ങിയതായി മന്ത്രി അറിയിച്ചു. ഇതിനുപുറമെ പരമ്പരാഗതമായി എണ്ണ വാങ്ങുന്ന ഇറാഖ്, സൗദി, കുവൈത്ത്, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളെയും ക്രൂഡോയിലിനായി ആശ്രയിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അമേരിക്ക മോദി സർക്കാരിന് നിർദേശം നൽകിയിരുന്നു. അമേരിക്കൻ നിർദേശം അനുസരിച്ചതിനെതുടർന്ന് ഇന്ത്യയുടെ 25 ശതമാനം പ്രതികാര തീരുവ ഒഴിവാക്കിയതായും ട്രംപ് സർക്കാർ പ്രഖ്യാപിച്ചു. ഇപ്പോൾ പശ്‌ചിമേഷ്യൻ സംഘർഷത്തെതുടർന്ന് ഒരു മാസത്തേക്ക് റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക അനുമതി നൽകിയിട്ടുണ്ട്. എന്നിട്ടും പാർലമെന്റിൽ മന്ത്രി സുരേഷ് ഗോപി നൽകിയ മറുപടിയിൽ റഷ്യയുടെ പേര് ഉൾപ്പെടുത്തിയില്ല.










0 comments