ad
Deshabhimani

10000 ശമ്പളക്കുടിശ്ശിക; സൂറത്തിൽ 24 കോടി നഷ്ടം വരുത്തിയ തീപിടിത്തത്തിന് പിന്നിൽ മുൻ അക്കൗണ്ടന്റ്

FIRE ACCIDENT

സെപ്തംബർ 8 ന് രാത്രിയിലാണ് വിനോദ് പണ്ഡിറ്റ് എന്നയാൾ ടെക്സ്റ്റൈൽ മാർക്കറ്റിലെ ആറാം നിലയിൽ തുണിപ്പൊതികളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്

വെബ് ഡെസ്ക്

Published on Sep 22, 2026, 08:49 PM | 1 min read

സൂറത്ത്: 10,000 ശമ്പളക്കുടിശ്ശികയുടെ പേരിൽ മുൻ തൊഴിലുടമയോട് പ്രതികാരം ചെയ്യാൻ ടെക്സ്റ്റൈൽ മാർക്കറ്റിൽ തീവെച്ചെ കേസിൽ മുൻ അക്കൗണ്ടന്റ് അറസ്റ്റിൽ. വിനോദ് പണ്ഡിറ്റ് സാവ്ലെയെന്നയാളെയാണ് സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.


സെപ്തംബർ 8 ന് രാത്രിയിൽ ശ്യാം സംഗിനി ടെക്സ്റ്റൈൽ മാർക്കറ്റിലെ ആറാം നിലയിൽ തുണിപ്പൊതികളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തീ 14 ഓളം കടകളിലേക്ക് പടർന്ന് ഏകദേശം 24 കോടി വിലമതിക്കുന്ന തുണിത്തരങ്ങൾ കത്തിനശിച്ചതായി പൊലീസ് അറിയിച്ചു.


മുൻപ് ഒരു കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന സാവ്ലെയ്ക്ക് 10,000 രൂപ ശമ്പളമായി ലഭിക്കാനുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കടയുടമയെ “പാഠം പഠിപ്പിക്കാനാണ്” തീ വെച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.


സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മുഖം തുണികൊണ്ട് മറച്ചെത്തിയ സാവ്ലെ പെട്രോൾ ഉപയോഗിച്ച് തീ കൊളുത്തുന്നതും തുടർന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.


സംഭവത്തിന് പിന്നാലെ മൊബൈൽ ഫോൺ ഓഫാക്കി ഭാര്യയെയും കുഞ്ഞിനെയും കൂട്ടി സൂറത്തിൽ നിന്ന് പോയ ഇയാൾ രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രവും പിന്നീട് അയോധ്യയും സന്ദർശിച്ചതായി പൊലീസ് പറഞ്ഞു. സൂറത്തിലേക്ക് തിരിച്ചെത്തിയതിനെ തുടർന്ന് ദിൻഡോളിയിലെ ഫ്ലവർ ഗാർഡന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.


പെട്രോൾ പമ്പിൽ നിന്ന് ഇയാൾക്ക് തുറന്ന നിലയിൽ പെട്രോൾ ലഭിച്ചത് എങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home