print edition ജന്തർമന്തർ പ്രക്ഷോഭത്തിൽ എസ്എഫ്ഐ നേതാവിന് നോട്ടീസ്: എങ്ങനെ ധൈര്യം കിട്ടിയെന്ന് ചീഫ് ജസ്റ്റിസ്


സ്വന്തം ലേഖകൻ
Published on Sep 10, 2026, 12:46 AM | 2 min read
ന്യൂഡൽഹി: ജന്തർമന്തർ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത എസ്എഫ്ഐ നേതാവ് അഞ്ചുലക്ഷം രൂപ കെട്ടിവയ്ക്കണമന്ന് നോട്ടീസ് അയച്ച നോയ്ഡ എക്സിക്യൂട്ട് മജിസ്ട്രേറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. എസ്എഫ്ഐ യുപി സംസ്ഥാന കമ്മിറ്റിംഗവും ഗൗതം ബുദ്ധനഗർ സർവകലാശാല നിയമവിദ്യാർഥിയുമായ അക്ഷത് ത്രിപാഠിക്കാണ് ഗ്രേറ്റർ നോയ്ഡ എക്സിക്യൂട്ട് മജിസ്ട്രേറ്റ്– 3 അഞ്ച് ലക്ഷം രൂപ ഒരു ദിവസത്തിനുള്ളിൽ കെട്ടിവെയ്ക്കണമെന്ന് നോട്ടീസ് നൽകിയത്. നീറ്റ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട രാജ്യത്തെ കേസുകൾ സുപ്രീംകോടതി സെപ്തംബർ ഒന്നിന് റദ്ദാക്കിയിട്ടും വിധിയെ പരസ്യമായി അവഹേളിച്ചതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.
നോയ്ഡ എക്സിക്യൂട്ട് മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ അക്ഷത് ബുധനാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകൻ സംഭവം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് യുപി സർക്കാരിനെ നിശിതമായി വിമർശിച്ചത്. കുട്ടികൾക്കെതിരെ ശിക്ഷാനടപടി പാടില്ലെന്ന് ഒന്നാം തിയതിയിലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.അത് നിലനിൽക്കെ നോട്ടീസയക്കാൻ മജിസ്ട്രേറ്റിന് എങ്ങനെ ധൈര്യം വന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. നോട്ടീസിന്റെ പകർപ്പ് നൽകാൻ ആവശ്യപ്പെട്ട അദ്ദേഹം ജില്ലാ മജിസ്ട്രേറ്റിനോട് വിശദീകരണം ചോദിക്കുമെന്ന് വ്യക്തമാക്കി. നീറ്റ് കേസുകൾ പരിഗണിക്കുന്ന വ്യാഴാഴ്ച അക്ഷതിന്റെ റിട്ട് ഹർജി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ചീഫ് ജസ്റ്റിസിന് മുന്‍പാകെ പരാമർശിക്കും.
സർക്കാരിനെതിരെ വിദ്യാർഥികളെ ജന്തർ മന്തറിൽ ധർണയ്ക്ക് പ്രേരിപ്പിച്ചുവെന്നാരോപിച്ച് ഗ്രേറ്റർ നോയ്ഡയിലെ എക്കോ ഫസ്റ്റ് പൊലീസിന്റെ ശുപാർശ പ്രകാരമാണ് അക്ഷതിനെതിരെ മജിസ്ട്രേറ്റ് നോട്ടീസ് പുറപ്പെടുവിച്ചത്. എസ്ഐ ശിവ് പാണ്ഡെ വാട്സ്ആപ്പിലാണ് നോട്ടീയ് അയച്ചത്. അഞ്ചിന് ഹാജരാകണമെന്നും അഞ്ച് ലക്ഷം രൂപയും അതിന് തത്തുല്യമായ രണ്ട് വ്യക്തിഗത ബോണ്ടും കെട്ടിവെയ്ക്കണമെന്നും നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു.
ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് അക്ഷത്
നോട്ടീസയച്ച് ഭയപ്പെടുത്താനുള്ള ആദിത്യനാഥ് സർക്കാരിന്റെ നീക്കത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന് എസ്എഫ്ഐ നേതാവവ് അക്ഷത് ത്രിപാഠി. സുപ്രീം കോടതിയിൽ ഹർജി നൽകിയതിന് ശേഷം ഡൽഹി സുർജിത് ഭവനിൽ അക്ഷതും എസ്എഫ്ഐ നേതാക്കളും അഭിഭാഷകനും മാധ്യമങ്ങളെ കണ്ടു. നോട്ടീസിൽ ചെയ്ത കുറ്റമെന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ലെന്ന് അക്ഷത് പറഞ്ഞു. മേയ് മാസം തന്നെ സർവകാലശാല ഹോസ്റ്റലിലെ മുറി ഒഴിഞ്ഞിരുന്നു. പിന്നീട് കോളേജിൽ എത്തിയിട്ടില്ല. സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ് തനിക്കെതിരെയുള്ള നടപടിയെന്നും അക്ഷത് പറഞ്ഞു.
നീറ്റ് വിഷയത്തിൽ മാർച്ച് 12 മുതൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും റദ്ദാക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി ആവശ്യപ്പെട്ടു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയ കേസ് തുടരുകയാണ്. സംഘപരിവാറിന്റെയും മോദി–അമിത് ഷാ–ആദിത്യനാഥ് അച്ചുതണ്ടിന്റെയും ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും പോരാട്ടം തുടരുമെന്നും ആദർശ് പറഞ്ഞു. കോടതിവിധി ലംഘിച്ചുള്ള നോട്ടീസ് പൊലീസ് പിൻവലിച്ചിട്ടില്ലെന്ന് അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനും പറഞ്ഞു.









0 comments