ജന്തർ മന്തർ പ്രക്ഷോഭത്തിന് നേരെ പൊലീസ് വേട്ട; അന്വേഷണ സമിതി പുനഃസംഘടിപ്പിക്കില്ല

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് നടന്ന ജന്തർ മന്തർ പ്രക്ഷോഭത്തിന് നേരെ നടന്ന പൊലീസ് വേട്ടയിൽ അന്വേഷണം നടത്താൻ രൂപീകരിച്ച ഉന്നതതല സമിതി പുനഃസംഘടിപ്പിക്കില്ലെന്ന് സുപ്രീം കോടതി. സമിതിയിലെ അംഗങ്ങൾക്ക് വിരുദ്ധ താത്പര്യങ്ങളുണ്ട് എന്നാരോപിച്ച് നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ തീരുമാനം.
ജൂലൈ 20-ന് നടന്ന പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥികൾക്ക് നേരെ പൊലീസ് പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിരുന്നു. വനിത പ്രതിഷേധക്കാർക്ക് നേരെ പുരുഷ പൊലീസ് കയ്യേറ്റം നടത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഇവയെക്കുറിച്ചെല്ലാം അന്വേഷിക്കാനായാണ് ആഗസ്ത് 20ന് സുപ്രീം കോടതി ഉന്നതതല സമിതിയെ നിയഗിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിയിൽ രവി ശങ്കർ ഝാ, ജസ്റ്റിസ് ശാലിന്ദർ കൗർ, ഋഷി കുമാർ ശുക്ല, എൽ ആർ ബിഷ്ണോയി എന്നിവർ അംഗങ്ങളാണ്.
പ്രവർത്തനം തുടങ്ങും മുൻപ് അന്വേഷണ സമിതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ഹർജിക്കാരുടെ എതിർപ്പുകൾ വെറും ഊഹാപോഹങ്ങളാണെന്ന് കോടതി പറഞ്ഞു. അതേസമയം, സുരക്ഷാ ഭീഷണിയുള്ള സാക്ഷികൾക്ക് തെളിവുകളും മൊഴികളും രഹസ്യമായി സമർപ്പിക്കുന്നതിനായി പ്രത്യേക ഓൺലൈൻ പോർട്ടൽ തയ്യാറാക്കാൻ സമിതിയോട് കോടതി നിർദ്ദേശിച്ചു.
മുതിർന്ന അഭിഭാഷക മോണിക്ക ഗുസൈൻ, അഡ്വക്കേറ്റ് സി സോളമൻ എന്നിവരെ കോടതി അമിസി ക്യൂറിയായി നിയമിച്ചു. ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്ത് മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ പൊലീസ് ഉപയോഗിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഇതുൾപ്പെടെയുള്ള വിഷയങ്ങൾ കോടതി പിന്നീട് പരിഗണിക്കും.









0 comments