print edition പിഎഫ് കുടിശ്ശികയ്‌ക്ക് പിഴയിടൽ വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: കൃത്യസമയത്ത് ജീവനക്കാരുടെ വിഹിതം അടക്കാത്ത തൊഴിൽദാതാവിന് പിഴയിടാനോ ഒഴിവാക്കാനോ ഇപിഎഫ് ഉദ്യോഗസ്ഥന് അധികാരമുണ്ടോയെന്ന നിയമപരമായ ചോദ്യം സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച്, വിശാല ബെഞ്ചിന് വിട്ടു. പിഴയടക്കേണ്ടത് നിർബന്ധിതമാണെന്ന 2022ലെ വിധിയിൽ സംശയം പ്രകടിപ്പിച്ചാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വിനോദ് ചന്ദ്രൻ എന്നിവരുടെ നടപടി. 1952 ലെ ഇപിഎഫ് നിയമത്തിലെ സെക്ഷൻ 14 ബി പ്രകാരം പിഴ ചുമത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം നൽകുന്നതിനെതിരെ തൊഴിലുടമകൾ സമർപ്പിച്ച അപ്പീലുകളിലാണ് തീരുമാനം. തൊഴിലുടമയ്‌ക്ക് പിഴ ചുമത്തണോ എന്നത് ഉദ്യോഗസ്ഥന് തീരുമാനിക്കാമോ അതോ പിഴ നിർബന്ധിതമാണോ എന്ന ചോദ്യത്തിൽ വിശാല ബെഞ്ച് വിധി പുറപ്പെടുവിക്കും.
ജീവനക്കാരുടെ ഇപിഎഫ്, ഗ്രാറ്റുവിറ്റി കുടിശ്ശിക എന്നിവ അടക്കേണ്ടത് കമ്പനിയുടെ ലിക്വിഡേഷൻ നടപടിക്കായുള്ള ലഭ്യമായ ആസ്തിക്ക് പുറത്തുനിന്നാകണം എന്ന പിഎഫ് കേന്ദ്ര ട്രസ്റ്റീ ബോർഡിന്റെ ഉത്തരവിനെതിരെയാണ് അപ്പീലുകൾ. കിൻഫ്ര അടക്കമുള്ള സ്ഥാപനങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.









0 comments