വോട്ടർമാരെ ഒഴിവാക്കിയത് എസ്ഐടി അന്വേഷിക്കണം; ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടികൾ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മറ്റ് രണ്ട് കമ്മീഷണർമാരുടെ അനുവാദമില്ലാതെയും അവരുടെ അഭിപ്രായം ആരായാതെയും തെരഞ്ഞെടുപ്പ് കമ്മീഷനിൽ തന്റെ ഏകാധിപത്യ നിലപാടുകൾ നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സമ്മതമില്ലാതെ ഗ്യാനേഷ് കുമാർ സ്വീകരിച്ച തീരുമാനങ്ങളും, മാർഗനിർദേശങ്ങളും, സോഫ്റ്റ്‌വെയർ പരിഷ്കാരങ്ങളും ഭരണഘടനാവിരുദ്ധവും, നിയമ സാധുതയില്ലാത്തതുമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
മറ്റ് കമ്മീഷണർമാർ 14 ഓളം തവണ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും ഗ്യാനേഷ് കുമാർ തന്റെ ഏകാധിപത്യ നടപടികളുമായി മുന്നോട്ടുപോയി. പല സംസ്ഥാനങ്ങളിലും അർഹരായ നൂറുകണക്കിനാളുകളെ വോട്ടർപട്ടികയിൽ നിന്ന് എസ്‌ഐആർ നടപടികളിലൂടെ ഒഴിവാക്കി.
സ്ഥാപിത താൽപര്യങ്ങൾക്കായി തന്റെ ഔദ്യോഗിക പദ്ധതി ഗ്യാനേഷ് കുമാർ ദുർവിനിയോഗം ചെയ്യുകയായിരുന്നു എന്നും ഇതിനെതിരെ ക്രിമിനൽ നടപടികൾ വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
എസ്എഫ്ഐയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ് കമീഷൻ ആസ്ഥാനത്തേക്ക് നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് ക്രൂരമായ നടപടികളാണ് സ്വീകരിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്ത എ എ റഹിം എംപിയെയും വി ശിവദാസൻ എം പിയെയും പൊലീസ് വലിച്ചിഴച്ചു.









0 comments