Deshabhimani

print edition സുപ്രീംകോടതി ഇടപെടൽ; ഡോക്ടർമാരെ ചാക്കിടുന്ന മരുന്നുകമ്പനികൾക്ക് പൂട്ട്

supreme court  Image Credit : wikimedia commons
വെബ് ഡെസ്ക്

Published on Oct 09, 2026, 01:11 AM | 1 min read

ന്യൂഡൽഹി : ഡോക്ടർമാർക്ക്‌ സ‍ൗജന്യങ്ങളും സമ്മാനങ്ങളും വാരിക്കോരി നൽകി കച്ചവടമുറപ്പിക്കുന്ന മരുന്ന്‌ കന്പനികൾക്ക്‌ തടയിടാൻ സുപ്രീംകോടതി ഇടപെടൽ. മരുന്നുകന്പനികളും ഡോക്ടർമാരും തമ്മിലുള്ള അധാർമികബന്ധം തടയാൻ നിയമപരമായ ചട്ടക്കൂടിന്‌ കേന്ദ്രസർക്കാർ സമിതിയെ നിയോഗിക്കണമെന്ന്‌ കോടതി ഉത്തരവിട്ടു.


ലഭിക്കുന്ന ശുപാർശങ്ങൾ പരിശോധിച്ച്‌ അത്‌ കേന്ദ്രസർക്കാരിന്‌ സമിതി കൈമാറണമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ച്‌ ഉത്തരവിൽ പറഞ്ഞു. സ‍ൗജന്യം പറ്റുന്ന ഡോക്ടർമാർ മരുന്നുകന്പനികളെ സഹായിക്കാൻ കുറിപ്പടി നൽകുന്നതടക്കം ചോദ്യം ചെയ്‌തുള്ള ഹർജിയിലാണിത്‌.

​അധാർമിക മരുന്ന്‌ വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സമിതി പരിശോധിക്കണം. ഹർജിക്കാരടക്കം ആർക്കും ശുപാർശ നൽകാം. 2027 ജനുവരി 27നുള്ളിൽ ഉത്തരവ്‌ നടപ്പാക്കി കോടതിയെ അറിയിക്കണം. മൂന്നംഗസമിതി രൂപീകരിക്കാമെന്ന്‌ കേന്ദ്രസർക്കാർ ഉറപ്പ്‌ നൽകിയിട്ടുണ്ട്‌.


2024ലെ യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ്‌ പ്രാക്ടീസ്‌ പ്രകാരം കന്പനികളിൽനിന്ന്‌ സ‍ൗജന്യം പറ്റുന്ന ഡോക്ടർമാരെ ശിക്ഷിക്കാൻ മതിയായ ചട്ടക്കൂട്‌ നിലവിലുണ്ട്‌. എന്നാൽ ആനുകൂല്യം നൽകുന്ന കന്പനികളെ ശിക്ഷിക്കാൻ വ്യവസ്ഥയില്ല. ചട്ടം ഫലപ്രദമല്ലെന്ന്‌ നിരീക്ഷിച്ച കോടതി പൗരന്മാരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും നേരിട്ട് ബാധിക്കുന്ന മേഖലയിൽ ചട്ടങ്ങളുടെ ശക്തമായ നടത്തിപ്പാണ്‌ പ്രധാനമെന്ന്‌ ഉത്തരവിൽ നിരീക്ഷിച്ചു.


കേന്ദ്രം നിയമിക്കുന്ന മൂന്നംഗസമിതി രണ്ടുമാസത്തിനകം റിപ്പോർട്ട്‌ നൽകുമെന്നും ഉടൻ നടപടിയുണ്ടാകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിന്‌ ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home