Deshabhimani

print edition മണിപ്പുർ ദുരിതാശ്വാസ ക്യാമ്പുകളിലെ അസ്വാഭാവിക മരണം; സമഗ്ര അന്വേഷണം വേണം: സുപ്രീംകോടതി

Manipur Violence
വെബ് ഡെസ്ക്

Published on Sep 18, 2026, 12:32 AM | 1 min read

ന്യൂഡൽഹി: മണിപ്പുർ കലാപബാധിതർ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ അസ്വാഭാവിക മരണത്തിൽ നടുക്കം രേഖപ്പെടുത്തി സുപ്രീംകോടതി. അന്വേഷണം നടത്തി സമഗ്രമായ റിപ്പോർട്ട്‌ സമർപ്പിക്കാൻ മണിപ്പുർ ചീഫ്‌ സെക്രട്ടറിക്ക്‌ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ച്‌ നിർദേശം നൽകി.


ഇരകൾക്ക്‌ കൃത്യമായ നഷ്‌ടപരിഹാരം ലഭിക്കാത്തതിലും കോടതി ആശങ്ക രേഖപ്പെടുത്തി. 25 അസ്വഭാവിക മരണം നടന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ കണക്കിലെടുത്താണ്‌ അന്വേഷണത്തിന്‌ നിർദേശം നൽകിയത്‌. എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം, മരണകാരണം കണ്ടെത്തണം, ഇരകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ നടപടി വേണം, നിലവിലുള്ള എഫ്‌ഐആറുകളിൽ വേഗം അന്വേഷണം പൂർത്തിയാക്കണം എന്നീ നിർദേശങ്ങളും നൽകി.


608 മരണം നടന്നിട്ടുണ്ടെങ്കിലും 20 കേസുകളിൽ മാത്രമേ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുള്ളൂവെന്ന റിപ്പോർട്ടും കോടതി പരിഗണിച്ചു. എല്ലാ മരണങ്ങളിലും എന്തുകൊണ്ട്‌ പോസ്റ്റ്‌മോർട്ടം നടത്തിയില്ലെന്നും കോടതി ചോദിച്ചു.


എട്ട് ജില്ലകളിലായി 42 എസ്‌ഐടി സംഘങ്ങൾ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. 302 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 1,583 കേസുകളിൽ ക്ലോഷർ റിപ്പോർട്ട്‌ നൽകിയപ്പോൾ 1,135 കേസുകൾ അന്വേഷണത്തിലാണ്. 33 കേസുകളിൽ വിചാരണ ആരംഭിച്ചു. സിബിഐ അന്വേഷിക്കുന്ന 31 കേസുകളിൽ 28 എണ്ണത്തിൽ കുറ്റപത്രം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home