print edition കേന്ദ്രത്തിന് നോട്ടീസ്: പ്രത്യേക സിറ്റിങ്ങിൽ നിരാശപ്പെടുത്തി സുപ്രീംകോടതി

റിതിൻ പൗലോസ്
Published on Oct 12, 2026, 01:12 AM | 2 min read
ന്യൂഡൽഹി: ഡൽഹി നഗരം അടച്ചുപൂട്ടിയതിനെതിരെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി നൽകിയ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ ഷോക്കോസ് നോട്ടീസ്. നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ കേന്ദ്രആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, സിറ്റി പൊലീസ് കമീഷണർ അനുരാഗ് കുമാർ, മെട്രോ റെയിൽ ചെയർപേഴ്‌സൺ ഡി താര എന്നിവർ കാരണംപറയണമെന്ന് കോടതിയലക്ഷ്യ ഹർജികൾ പരിഗണിച്ച ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവർ ഉത്തരവിട്ടു.
ഞായറാഴ്‌ച രണ്ടരമണിക്കൂർ പ്രത്യേക സിറ്റിങ് നടത്തി ഹർജികൾ കേട്ടുവെങ്കിലും പൊലീസിന്റെ അനധികൃത തടങ്കലുകൾ അവസാനിപ്പിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സ്ഥാപിച്ചുനൽകാനുമുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ‘ക്രമസമാധാന പ്രശ്‌നമില്ലെങ്കിൽ മെട്രോ, റെയിൽ, റോഡ് എന്നിവ സാധാരണപോലെ പ്രവർത്തിക്കണം, ഇന്റർനെറ്റ് തടയരുത്, സമാധാനപരമായ പ്രതിഷേധങ്ങൾ തടയാനോ കരുതൽ തടങ്കൽ നടത്താനോ പാടില്ല. മാധ്യമ പ്രവർത്തകരുടെയും അഭിഭാഷകരുടെയും കൃത്യനിർവഹണം തടസ്സപ്പെടുത്തരുത്.
കോടതിക്കുമുമ്പിൽ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കണം, നിരോധനാജ്ഞ പ്രഖ്യാപിക്കാത്ത ഇടങ്ങളിലെ പ്രതിഷേധം തടയരുത്, പൊതുക്രമത്തിന് ഭീഷണിയില്ലെങ്കിൽ മറ്റിടങ്ങളിലെ ബാരിക്കേഡുകൾ മാറ്റണ’മെന്നും ഉത്തരവിൽ പറഞ്ഞു. ക്രമസമാധാനപ്രശ്‌നമുണ്ടെന്ന് കേന്ദ്രസർക്കാരിന് തോന്നിയാൽ പൗരാവകാശങ്ങൾ തടയാൻ അനുവദിക്കുന്ന ദുർബലമായ വിധിയാണിത്. മൗലികാവകാശങ്ങൾ സ്ഥാപിക്കാൻ കോടതിക്ക് ബാധ്യതയുണ്ടെന്ന് ബെഞ്ച് പറഞ്ഞതല്ലാതെ ഉത്തരവിൽ പ്രതിഫലിച്ചില്ല.
പിണറായി വിജയനടക്കമുള്ള നാല് മുൻ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷനേതാക്കളെയും വിദ്യാർഥികളെയും അനധികൃത തടങ്കലിലാക്കിയെന്നും ഇത് അനുവദിക്കരുതെന്നും മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി വാദിച്ചു. മുതിർന്ന അഭിഭാഷകരായ കെ കെ വേണുഗോപാൽ തന്റെ മുൻ ജൂനിയറിനെ പൊലീസ് തടങ്കലിലാക്കിയെന്ന് വെളിപ്പെടുത്തി. മലയാളി അഭിഭാഷകൻ ഫിദൽ ടോമിനെ പൊലീസ് മർദിച്ചെന്ന് സഞ്ജയ് ഹെഗ്‌ഡെ അറിയിച്ചു. കപിൽ സിബിൽ, ഗോപാൽ ശങ്കരനാരായണൻ, ഷദൻ ഫറാസത്ത്, അരുന്ധതി കട്ജു, എൻ ഹരിഹരൻ തുടങ്ങിയവർ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് പറഞ്ഞു. അതേസമയം റോഡും മെട്രോയും ഇന്റർനെറ്റും പഴയ പടിയായെന്ന കേന്ദ്രസർക്കാർ വാദമാണ് കോടതി പ്രധാനമായും മുഖവിലയ്‌ക്കെടുത്തത്.
കോടതി നിലപാട് വിചിത്രം
ന്യൂഡൽഹി: രാജ്യത്തിന്റെ ജനാധിപത്യം നിർണായക പ്രതിസന്ധി നേരിടുന്പോൾ സുപ്രീംകോടതി പൗരാവകാശങ്ങൾ സംരക്ഷിക്കാൻ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കര നാരായണൻ ‘ദേശാഭിമാനി’യോട് പറഞ്ഞു. അടിയന്തര സ്വഭാവമുള്ള ഹർജികൾ വേഗത്തിൽ പരിഗണിക്കുക മാത്രമാണിപ്പോൾ കോടതി കാര്യക്ഷമമായി ചെയ്യുന്നത്. നിയമവിരുദ്ധമായ പൊലീസ് കസ്റ്റഡി തടയുന്നതിനോ ബാഡ്ജ് ധരിക്കാൻ പൊലീസിനോട് നിർദേശിക്കുന്നതിനോ ഉദ്യോഗസ്ഥർക്കെതിരെ ഭരണപരമായ നടപടികൾ സ്വീകരിക്കുന്നതിനോ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന അക്രമകാരികൾക്കെതിരെ നടപടിയെടുക്കുന്നതിനോ കരുതൽനടപടികൾ ശരിയായ രീതിയിൽ നിയന്ത്രിക്കുന്നതിനോ വ്യക്തമായ നിർദേശങ്ങളൊന്നും നൽകുന്നില്ല. തൊഴിൽ ചെയ്യാൻ ബുദ്ധിമുട്ടുന്ന അഭിഭാഷകരോടും മാധ്യമപ്രവർത്തകരോടും സംയമനം പാലിക്കാൻ കോടതി ആവശ്യപ്പെടുന്നു. ഇത് വിചിത്രമാണ്. കോടതിമുറികളിലെത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യത്തിൽ ഒരക്ഷരംപോലും പറയാൻ കോടതി തയ്യാറാകുന്നില്ലെന്നും ഗോപാൽ ശങ്കര നാരായണൻ പറഞ്ഞു. ഞായറാഴ്‌ച സുപ്രീംകോടതിയിൽ ശക്തമായ വാദമുഖങ്ങൾ മുന്നോട്ടുവച്ചവരിൽ പ്രധാനിയാണ് അദ്ദേഹം.









0 comments