Deshabhimani

print edition ത്രിഭാഷാനയം: ആറാംക്ലാസുകാർക്ക്‌ ഇളവ്‌ നൽകി സുപ്രീംകോടതി

Supreme Court
വെബ് ഡെസ്ക്

Published on Sep 29, 2026, 12:36 AM | 1 min read

ന്യൂഡൽഹി: ഇ‍ൗ അധ്യയന വർഷം ത്രിഭാഷാനയം നടപ്പാക്കുന്നതിൽ ആറാം ക്ലാസുകാർക്ക്‌ ഇളവ്‌ നൽകാൻ സിബിഎസ്‌ഇക്ക്‌ നിർദേശം നൽകി സുപ്രീംകോടതി. ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്‌ ഉത്തരവിട്ടത്‌. സിബിഎസ്‌ഇയോട്‌ ഇക്കാര്യം ആവർത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിക്കാൻ തയ്യാറാകാതെ വന്നതോടെയാണ്‌ കോടതിക്ക്‌ ഇടപെടേണ്ടിവന്നത്‌. രക്ഷിതാക്കളും അധ്യാപകരും സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് കോടതി ഉത്തരവ്‌.


ഏഴ്‌, എട്ട്‌, ഒൻപത്‌ ക്ലാസുകാർക്ക്‌ നേരത്തെതന്നെ ഇളവ്‌ നൽകിയിരുന്നു. ഇപ്പോൾ ആറ്‌ മുതൽ ഒന്പത്‌ വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പത്താം ക്ലാസിലെത്തുന്പോൾ മൂന്നാം ഭാഷയ്‌ക്ക്‌ പരീക്ഷ പാടില്ല. പകരം നടത്തുന്ന ഇന്റേണൽ അസസ്‌മെന്റ്‌ പരീക്ഷാഫലത്തെ ബാധിക്കരുതെന്നും ഉത്തരവിൽ പറയുന്നു.


ഈ അധ്യയനവർഷം മുതൽ ആറാം ക്ലാസിൽ ത്രിഭാഷാനയം നടപ്പാക്കാനാണ്‌ തീരുമാനിച്ചതെന്ന്‌ അഡീ. സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. ആകെയുള്ള 28,819 സ്കൂളുകളിൽ 99 ശതമാനത്തിലും സ‍ൗകര്യങ്ങൾ ലഭ്യമാണെന്നും ഐശ്വര്യ ഭാട്ടി വാദിച്ചു. എന്നാൽ കുട്ടികൾ നേരിടുന്ന പഠനഭാരം കണക്കിലെടുത്ത്‌ കോടതി ഇത്‌ തള്ളി.


ഇംഗ്ലീഷിനെ വിദേശഭാഷയാക്കി വർഗീകരിച്ചത്‌ ഹർജിക്കാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇത്‌ വിശദമായ പരിശോധിക്കുമെന്ന്‌ കോടതി ഉറപ്പുനൽകി. ഹിന്ദി വളഞ്ഞ വഴിയിൽ അടിച്ചേൽപ്പിക്കാനുള്ള ത്രിഭാഷാ നയത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശക്തമായി എതിർക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home