Deshabhimani

print edition ‘വ്യവസായ’ നിർവചനം തിരുത്തി സുപ്രീംകോടതി: തൊഴിലാളികൾക്ക്‌ തിരിച്ചടി

labour supreme court
avatar
റിതിൻ പ‍ൗലോസ്‌

Published on Aug 22, 2026, 01:00 AM | 2 min read

ന്യൂഡൽഹി : തൊഴിലാളികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന, 1978ൽ ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ പുറപ്പെടുവിച്ച വിധി പൊളിച്ചെഴുതി സുപ്രീം കോടതി ഭരണഘടനാബെഞ്ച്‌. ഒന്പതംഗ ബെഞ്ചിൽ അഞ്ചുപേർ അനുകൂലിച്ചപ്പോൾ നാലുപേർ വിയോജിച്ചു. 1978ലെ ബാംഗ്ലൂർ വാട്ടർ സപ്ലൈ കേസിൽ കൃഷ്‌ണയ്യർ ‘വ്യവസായം’ എന്ന വാക്കിന്‌ 1947-ലെ വ്യാവസായിക തർക്ക നിയമത്തിലെ സെക്ഷൻ 2(ജെ) പ്രകാരം നൽകിയ സമഗ്രവും വിപുലവുമായ നിർവചനമാണ്‌ ഇപ്പോൾ തിരുത്തപ്പെട്ടത്. 2020ൽ കേന്ദ്രസർക്കാർ നടപ്പാക്കിയ തൊഴിലാളിവിരുദ്ധ വ്യവസായ ബന്ധ കോഡിന്റെ പശ്ചാത്തലത്തിൽ ഇ‍ൗ വിധി തൊഴിലാളികൾക്ക്‌ വൻതിരിച്ചടിയാകും. ​


വ്യവസായത്തെ നിർവചിക്കാൻ കൃഷ്‌ണയ്യർ വികസിപ്പിച്ച ‘ട്രിപ്പിൾ ടെസ്റ്റ്’ അന്നത്തെ സാഹചര്യത്തിൽ പ്രാധാന്യമേറിയതാണെങ്കിലും ഇപ്പോൾ അതിനെ ‘വിപുലപ്പെടുത്തണമെന്നും’ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ ഭൂരിപക്ഷ വിധിന്യായത്തിൽ പറഞ്ഞു. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ, അലോക് ആരാധെ, വിപുല്‍ എം പഞ്ചോളി എന്നിവർ പൂർണമായി പിന്തുണപ്പോൾ ജസ്റ്റിസുമാരായ പി എസ് നരസിംഹയും, ജോയ്‌മല്യ ബാഗ്ചിയും വ്യത്യസ്‌ത കാഴ്‌ചപ്പാടോടെ പിന്തുണയറിയിച്ചു. അതേസമയം ജസ്റ്റിസ്‌ ബി വി നാഗരത്ന കൃഷ്‌ണയ്യരുടെ കാഴ്‌ചപ്പാട്‌ ശരിയാണെന്നും അദ്ദേഹത്തിന്റെ നിർവചനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും വ്യത്യസ്‌ത വിധിന്യായമെഴുതി.


ജസ്റ്റിസ് ദീപങ്കർ ദത്തയും ഉജ്ജൽ ഭീയാനും സ്വതന്ത്രകാഴ്‌ചപ്പാട്‌ സ്വീകരിച്ചു. ​നിലവിൽ കോടതി, ട്രൈബ്യൂണൽ, ലേബർ അതോറിറ്റി തുടങ്ങിയവയുടെ പരിഗണനയിലുള്ള കേസുകൾ കൃഷ്‌ണയ്യരുടെ വിധി പ്രകാരമായിരിക്കണം പരിഗണിക്കേണ്ടത്‌. പുതിയ കേസുകളിൽ ലേബർ കോഡ്‌ അനുസരിച്ചുള്ളള നിയമമായിരിക്കും ബാധകം. അതേസമയം ഭൂരിപക്ഷ നിർവചനം പുതിയ വ്യവസായ ബന്ധ കോഡിന്‌ ബാധകമല്ലെന്നാണ്‌ വിധി. തീർപ്പാക്കിയ ഒരു കേസും തുറക്കാനും അനുമതിയില്ല. 2017ൽ ആരംഭിച്ച വാദങ്ങൾക്കൊടുവിലാണ്‌ കൃഷ്‌ണയ്യരുടെ ഏഴംഗ ബെഞ്ചിന്റെ വിധി ഒന്പതംഗ ഭരണഘടനാബെഞ്ച്‌ പൊളിച്ചെഴുതിയത്‌.


എന്താണ്‌ മാറ്റം? ​


അരനൂറ്റാണ്ടുകാലം രാജ്യത്തെ തൊഴിൽ അവകാശങ്ങൾക്കും തൊഴിലാളികളുടെ കൂട്ടായ വിലപേശലിനും ബലം പകർന്ന വി ആർ കൃഷ്‌ണയ്യരുടെ വിധിന്യായം ഇപ്പോൾ ഭൂരിപക്ഷ വിധിയിലൂടെ നേർപ്പിച്ചു. സംഘടിതവും വ്യവസ്ഥാപിതവുമായ പ്രവർത്തനം, തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള സഹകരണം, മനുഷ്യന്റെ ആവശ്യങ്ങൾക്കായുള്ള സാധന–സേവനങ്ങൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും എന്നീ ഘടകങ്ങളെ (ട്രിപ്പിൾ ടെസ്റ്റ്‌) ചേർത്താണ്‌ കൃഷ്‌ണയ്യർ വ്യവസായത്തെ നിർവചിച്ചത്‌. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റികൾ, ക്ലബുകൾ തുടങ്ങി ഏതാണ്ട്‌ എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ വരുമായിരുന്നു.


എന്നാൽ ഇപ്പോഴത്തെ വിധി വാണിജ്യ/ബിസിനസ് ഘടകം പുതുതായി ഉൾപ്പെടുത്തി വ്യാപക ഒഴിവാക്കൽ നടത്തി. വ്യാപാരത്തിനോ ബിസിനസ്സിനോ സമാനമായതും മനുഷ്യന്റെ ഭൗതിക ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി കണക്കാക്കിയതുമായ വേർതിരിച്ചറിയാവുന്ന വാണിജ്യ സ്വഭാവമുള്ള വസ്തുക്കളുടെയോ സേവനങ്ങളുടെയോ ഉത്പാദനം, വിതരണം, സംഭരണം എന്നിവ ഉൾപ്പെടുന്ന സംരംഭത്തെയായിരിക്കും ഇനി വ്യവസായമായി കണക്കാക്കുക. ഫലത്തിൽ വാണിജ്യ/ബിസിനസ് ഘടകമില്ലാതെ തൊഴിലാളി–തൊഴിലുടമ സഹകരണം കൊണ്ട്‌ മാത്രം ഒരു സംരംഭവും വ്യവസായമാകില്ല. പൊതുജനക്ഷേമ സംരംഭങ്ങൾ, പരിസ്ഥിതി പദ്ധതികൾ , മതസ്ഥാപനം, വിദ്യാഭ്യാസപരവും ഗവേഷണപരവും വാണിജ്യേതരവുമായ ജീവകാരുണ്യ സംരംഭങ്ങൾ തുടങ്ങിയവയും വ്യവസായ നിര്‍വചനത്തില്‍ വരില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home