ഏജ് ഈസ് ജസ്റ്റ് എ നമ്പർ; 91-ാം വയസിൽ തുടങ്ങിയ സംരംഭം, 98-ലും തളരാത്ത രുചിക്കൂട്ടുകളുമായി ഒരു മുത്തശ്ശി

പ്രഭാവതി ഭഗവതി
അഹമ്മദാബാദ്: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് പറയാറുണ്ട്. എന്നാൽ 91-ാം വയസ്സിൽ ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത് അത് ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് 98കാരിയായ പ്രഭാവതി ഭഗവതി. പ്രായമായതിനാൽ വിശ്രമിക്കാൻ പറഞ്ഞവരോടുള്ള മറുപടി കൂടിയായിരുന്നു അഹമ്മദാബാദുകാരിയായ പ്രഭാവതിയുടെ 'നാനിസ് നാഷ്ത' എന്ന സംരംഭം.
1927-ൽ ജനിച്ച പ്രഭാവതിയുടെ ജീവിതം 2017-ൽ ഭർത്താവ് പ്രഫുൽ ഭഗവതിയുടെ വിയോഗത്തോടെയാണ് മാറിമറിഞ്ഞത്. 68 വർഷം നീണ്ട സന്തോഷകരമായ ദാമ്പത്യത്തിനൊടുവിൽ അദ്ദേഹം വിടവാങ്ങിയപ്പോൾ പ്രഭാവതിയുടെ വീട് നിശബ്ദമായി. മക്കൾ മറ്റു നഗരങ്ങളിൽ സ്ഥിരതാമസമാക്കിയതും കൊച്ചുമക്കൾ വളർന്നതും പ്രഭാവതിയുടെ വീടും അടുക്കളയുമെല്ലാം ശൂന്യമാക്കി. ആർക്കുവേണ്ടി പാചകം ചെയ്യും എന്ന ചോദ്യം ഈ മുത്തശ്ശിയെ വേദനിപ്പിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിലൂടെ സ്നേഹം പ്രകടിപ്പിച്ചിരുന്ന ഒരാളെ സംബന്ധിച്ച് ആ നഷ്ടം വളരെ വലുതായിരുന്നു.
2018-ൽ നടന്ന ഒരു ചായസൽക്കാരമാണ് പ്രഭാവതിയുടെ ജീവിതം മാറ്റിയത്. അവർ തയ്യാറാക്കിയ 'ഖാണ്ട്വി' (ഒരു ഗുജറാത്തി ലഘുഭക്ഷണം) കഴിച്ച ഒരാൾ അതിന്റെ രുചിയിൽ ആകൃഷ്ടനാവുകയും ഒരു പാർട്ടിക്ക് വേണ്ടി അത് തയ്യാറാക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. പണം നൽകാമെന്നും അവർ ഉറപ്പുനൽകി. 91-ാം വയസ്സിൽ ഒരു സംരംഭകയാകാൻ ആദ്യം മടിച്ചെങ്കിലും പ്രഭാവതി ആ വെല്ലുവിളി ഏറ്റെടുത്തു. വലിയ മാർക്കറ്റിംഗ് സംവിധാനങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ തയ്യാറാക്കുന്ന വിഭവങ്ങൾ ആളുകൾ പെട്ടെന്ന് ഏറ്റെടുത്തു. അങ്ങനെയാണ് നാനിസ് നാഷ്ത എന്ന ബ്രാൻഡ് പിറക്കുന്നത്.
പരമ്പരാഗത ഗുജറാത്തി വിഭവങ്ങളും മുംബൈ സ്റ്റൈൽ സ്ട്രീറ്റ് ഫുഡുമാണ് നാനിസ് നാഷ്തയുടെ പ്രത്യേകത. ഖാണ്ട്വിക്ക് പുറമെ വടാപാവ്, സേവ് പുരി, ധോക്ല, തേപ്ല, ഭാക്രി, പാവ് ഭാജി എന്നിവയും ഇവർ തയ്യാറാക്കുന്നു. ഇന്ന് ഇരുന്നൂറിലധികം കുടുംബങ്ങളാണ് പ്രഭാവതിയുടെ ലഘുഭക്ഷണങ്ങൾക്കായി കാത്തിരിക്കുന്നത്.
മുൻപ് ഒരു ഭാര്യയായും അമ്മയായും മുത്തശ്ശിയായും മാത്രം അറിയപ്പെട്ടിരുന്ന പ്രഭാവതിക്ക് ഇന്ന് 'നാനിസ് നാഷ്ത'യുടെ സ്ഥാപക എന്ന സ്വന്തം മേൽവിലാസമുണ്ട്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുമ്പോൾ തളർന്നിരിക്കാതെ പുതിയൊരു ലക്ഷ്യം കണ്ടെത്തുന്നത് എങ്ങനെയാണെന്ന് ഇവർ ലോകത്തിന് കാണിച്ചുതരുന്നു. അഭിനിവേശത്തിന് പ്രായപരിധിയില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് 98-ാം വയസ്സിലും പ്രഭാവതി ഭഗവതി തന്റെ ബിസിനസ് തിരക്കിലാണ്.










0 comments